Connect with us

National

ട്രെയിന്‍ യാത്രക്കാരുടെ ഉറക്ക സമയം കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ “ഔദ്യോഗിക ഉറക്ക” സമയം എട്ട് മണിക്കൂറായി കുറച്ചു. രാത്രി യാത്രക്കാര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറ് മണി വരെയാകും ഇനി റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഉറങ്ങാനാകുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇരുന്ന് യാത്ര ചെയ്യാന്‍ അവസരമൊരുക്കണമെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നു.

നേരത്തെ, രാത്രി യാത്രക്കാര്‍ക്ക് ബര്‍ത്തില്‍ ഉറങ്ങാന്‍ അനുവദിച്ച സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. ബര്‍ത്തില്‍ കിടക്കുന്നവരും ഇരിപ്പ് യാത്രക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ നിരന്തരം തര്‍ക്കം അരങ്ങേറാറുണ്ട്. അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഉറക്ക സമയക്രമം സംബന്ധിച്ച് റെയില്‍വേ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പുതിയ നിര്‍ദേശം ഉറക്ക സംവിധാനമുള്ള എല്ലാ റിസര്‍വ്ഡ് കോച്ചുകള്‍ക്കും ബാധകമാണ്.