നിഫ്റ്റിയും ബോംബെ സൂചികയും ഉയര്‍ന്നു; വിദേശ ഫണ്ടുകളുടെ വില്‍പനക്ക് നിയന്ത്രണം

Posted on: September 18, 2017 7:44 am | Last updated: September 18, 2017 at 9:49 am

ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മൂന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികളില്‍ നിക്ഷേപത്തിന് കാണിച്ച ഉത്സാഹം ബോംബെ സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെ തിളക്കം ഇരട്ടിപ്പിച്ചു. ബോംബെ സൂചിക 585 പോയിന്റും നിഫ്റ്റി സൂചിക 150 പോയിന്റും പിന്നിട്ടവാരം ഉയര്‍ന്നു. വിദേശ ഫണ്ടുകള്‍ കനത്ത വില്‍പ്പനയില്‍ നിന്ന് അല്‍പ്പം പിന്‍തിരിയാനുള്ള സാധ്യതകള്‍ തെളിയുന്നുണ്ട്. ദീപാവലി വരെയുള്ള കാലയളവില്‍ വിപണിയില്‍ ബുള്‍ തരംഗം സൃഷ്ടിക്കാന്‍ ഫണ്ടുകള്‍ ശ്രമം നടത്താം.
വിദേശ ഫണ്ടുകളെ തുടര്‍ച്ചയായ വില്‍പ്പനക്ക് വാരാന്ത്യം നിയന്ത്രണം വരുത്തി. ഏകദേശം 425 കോടി രൂപയുടെ നിക്ഷേപം അവര്‍ നടത്തിയതായാണ് സൂചന. അതേ സമയം പിന്നിട്ടവാരത്തില്‍ അവര്‍ 3365 കോടി രൂപയുടെ വില്‍പ്പനയും നടത്തിയിട്ടുണ്ട്. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 3835 കോടി രൂപയുടെ ഓഹരി പോയവാരം വാങ്ങി.

ഹൈല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് 4.79 ശതമാനം മുന്നേറി. കാപ്പിറ്റല്‍ ഗുഡ്സ്, പവര്‍, ബേങ്കിംഗ്, ഓട്ടോ, ടെക്‌നോളജി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡക്‌സുകളും തിളങ്ങി. മുന്‍ നിരയിലെ 31 ഓഹരികളില്‍ 22 ഓഹരികളുടെ നിരക്ക് ഉയര്‍ന്നു. ഒമ്പത് ഓഹരികള്‍ക്ക് തളര്‍ന്നു.
സണ്‍ ഫാര്‍മ്മ ഓഹരി വില 11 ശതമാനം വര്‍ധിച്ചപ്പോള്‍ ടാറ്റാ മോട്ടേഴ്സ് എഴ് ശതമാനം മികവ് കാണിച്ചു. ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, എച്ച് യു എല്‍, എച്ച് ഡി എഫ് സി ബേങ്ക്, സിപ്ല, എല്‍ ആന്റ റ്റി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ എന്‍ ജി സി, ഇന്‍ഫോസീസ് എന്നിവയുടെ നിരക്ക് ഉയര്‍ന്നു. അതേ സമയം വിപ്രോ, എച്ച് ഡി എഫ് സി എന്നിവ നാല് ശതമാനം കയറി. എയര്‍ടെല്‍, ഐ റ്റി സി, ഹീറോമോട്ടേര്‍കോര്‍പ്പ് എന്നിവക്ക് തളര്‍ച്ച.
നിഫ്റ്റി 9972 ല്‍ നിന്ന് 10,132 വരെ ഉയര്‍ന്നു. സൂചിക 10,000 ന് മുകളില്‍ എത്തിയത് വാങ്ങല്‍ താത്പര്യം വര്‍ധിപ്പിച്ചു. ക്ലോസിംഗ് വേളയില്‍ സൂചിക 10,085 പോയിന്റിലാണ്. ഈവാരം 9991-9897 ല്‍ സപ്പോര്‍ട്ട് നിലവിലുണ്ട്. സൂചികയുടെ പ്രതിരോധം 10,155-10,225 ലാണ്.
സെന്‍സെക്‌സ് 31,798 ല്‍ നിന്നുള്ള കുതിപ്പില്‍ 32,000 പോയിന്റും മറികടന്ന് 32,356 വരെ കയറി. മാര്‍ക്കറ്റ് ക്ലോസിംഗില്‍ സൂചിക 32,272 പോയിന്റിലാണ്. ഈ വാരം 32,486 ല്‍ ആദ്യ തടസം േനരിടാം. ഇത് മറികടന്നാല്‍ 32,700 വീണ്ടും പ്രതിരോധമുണ്ട്. വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ 31,928-31,584 ലേയ്ക്ക് സൂചിക പരീക്ഷണങ്ങള്‍ക്ക് നടത്താം.
വിപണിയില്‍ ഇടപാടുകളുെട വ്യാപ്തി പോയവാരം വര്‍ധിച്ചു. ബി എസ് ഇ യില്‍ 18,901 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 1,45,714 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപക്ക് തളര്‍ച്ച. 63.79 ല്‍ നിന്ന് രൂപയുടെ മൂല്യം വാരാവസാനം 64.10 ലേയ്ക്ക് കുറഞ്ഞു.
രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ മികച്ച പ്രകടനത്തിലുടെ ബാരലിന് 49.89 ഡോളറിലേയ്ക്ക് കയറി. എഴ് ആഴ്ച്ചകളിലെ ഏറ്റുവും മികച്ച മുന്നേറ്റമാണ് എണ്ണ വിപണിയില്‍ ദൃശ്യമായത്. രാജ്യാന്തര വിപണിയില്‍ മഞ്ഞലോഹത്തിന് തളര്‍ച്ചനേരിട്ടു. ട്രോയ് ഔണ്‍സിന് 1348 ഡോളറില്‍ നിന്ന് സ്വര്‍ണ വില 1319 ഡോളറായി.