കമ്പനി ബസുകള്‍ക്ക് ബനിയാസ് പാലത്തില്‍ നിരോധനം

Posted on: September 17, 2017 6:30 pm | Last updated: September 17, 2017 at 8:13 pm

അബുദാബി: ബനിയാസ് പാലത്തിലൂടെ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്ക് നിരോധനം ഏര്‍പെടുത്തി. നിരോധനം ലംഘിച്ച് ബസുകള്‍ കടന്നുപോയാല്‍ കനത്ത പിഴ ലഭിക്കുമെന്ന് അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു.

റോഡ് സുരക്ഷയും അപകടങ്ങളും കുറക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതെന്ന് അബുദാബി പോലീസ് എക്‌സ്റ്റേണല്‍ റോഡ് ആന്‍ഡ് ഹൈവേ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സാലം അല്‍ ളാഹിരി വ്യക്തമാക്കി. ബസ്സുകളുടെ നിരോധനം തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് ഗതാഗതം കുറക്കാന്‍ സഹായിക്കും. നിരോധനം ഉറപ്പാക്കാന്‍, ബനിയാസ് പാലത്തില്‍ എട്ട് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യകമ്പനികളും ഡ്രൈവര്‍മാരും ബസുകളുടെ പുതിയ നിയന്ത്രണം ഉറപ്പുവരുത്തണം. ബനിയാസ് പാലത്തിന് പകരം അബുദാബി അല്‍ ഐന്‍ പാതയില്‍ മഫ്റഖ് പാലം ഉപയോഗിക്കണമെന്നും, ഇത് തൊഴിലാളികളെ വര്‍കേഴ്സ് സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിന് ഗുണകരമാകുമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ലഭിക്കും.
.