നടിയെ ആക്രമിച്ച സംഭവം; നാദിര്‍ഷ ആലുവ പോലീസ് ക്ലബിലെത്തി

Posted on: September 17, 2017 11:01 am | Last updated: September 17, 2017 at 3:37 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷ ആലുവ പൊലീസ് ക്ലബിലെത്തി. രാവിലെ പത്ത് മണിക്കാണ് നാദിര്‍ഷ പോലീസ് ക്ലബില്‍ എത്തിയത്.
കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞദിവസം നാദിര്‍ഷ ഹാജരായിരുന്നെങ്കിലും, രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

അതേസമയം ആരോഗ്യപ്രശ്‌നങ്ങളാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായ ദിവസം നാദിര്‍ഷ അവാര്‍ഡ് നിശയില്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേദിവസം തൃശൂരില്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങിലാണ് നാദിര്‍ഷ പങ്കെടുത്തത്. ആശുപത്രിയില്‍ നിന്നുമാണ് തൃശൂരിലേയ്ക്ക് പോയത്. പരിപാടിയില്‍ വെച്ച് നാദിര്‍ഷയുമായി ആശയവിനിമയം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്യ്‌തേക്കുമെന്നാണ് സൂചന.
നാദിര്‍ഷയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചോദ്യം ചെയ്യലിനുള്ള പുതിയ തീയതി നിശ്ചയിക്കാമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. നേരത്തെ ജൂണ്‍ മാസം ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത്.
ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നാണ് പെലീസ് വെളിപ്പെടുത്തിയത്. മൊഴികളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെ കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയും, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയും നാളെ വിധി പറയും. കൂടാതെ കാവ്യമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്.