Connect with us

National

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്‌തെയെന്ന് എസ് ഐ ടി നിഗമനം

Published

|

Last Updated

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്‌തെയാണെന്ന് എസ് ഐ ടി സംഘത്തിന്റെ നിഗമനം. സനാതന്‍ സന്‍സ്‌തെയുടെ നേതാവായ രുദ്രാ പാട്ടീലിനായി അന്വേഷണം ശക്തമാക്കി. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താല്‍ കൊലയാളികളിലേക്ക് എത്താന്‍ എളുപ്പം സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പോലീസ് അന്വേഷിക്കുന്നതായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് രുദ്രാപാട്ടീല്‍ നേപ്പാളിലേക്ക് കടന്നതായാണ് വിവരം.
സനാതന്‍ സന്‍സ്‌തെയുടെ അംഗങ്ങള്‍ക്കെതിരെയാണ് പന്‍സാരെ വധത്തില്‍ കേസെടുത്തിരുന്നത്. ധാബോല്‍ക്കര്‍ വധം അന്വേഷിക്കുന്ന സി ബി ഐ കേസെടുത്തതും സന്‍സ്തയുടെ അംഗങ്ങള്‍ക്കെതിരെ തന്നെയായിരുന്നു. ഇപ്പോള്‍ ഗൗരി ലങ്കേഷ് വധത്തിലും ആരോപണം ഉയരുന്നത് സനാതന്‍ സന്‍സ്തക്ക് നേരെയാണ്.

വാടക കൊലയാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട കുനിഗല്‍ ഗിരിയെ ജാമ്യത്തിലിറക്കി പ്രത്യേക സംഘം സി ഐ ഡി ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ നാല് വര്‍ഷമായി താന്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് രാവിലെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുനിഗല്‍ ഗിരി സി ഐ ഡി ഓഫീസിലെത്തിയത്.

അതേസമയം, ഘാതകര്‍ കൃത്യം നടത്തി മടങ്ങിയത് ബജാജ് പള്‍സര്‍ ബൈക്കിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചുവന്ന നിറത്തിലുള്ള ബൈക്കാണ് അക്രമികള്‍ ഉപയോഗിച്ചത്. ബൈക്ക് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.
ബൈക്കുകള്‍ വാടകക്ക് നല്‍കുന്ന കേന്ദ്രങ്ങളിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കുകളെക്കുറിച്ചുമാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കൊലയാളിയുടെ മുഖം വ്യക്തമായി കണ്ടിരിക്കാമെന്നും സൂചനയുണ്ട്. നേരത്തേ ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചായിരുന്നു വെടിവെച്ചതെന്നാണ് പുറത്തു വന്ന വിവരം. ആദ്യ തിര നെഞ്ചിന്റെ വലതു ഭാഗത്തും രണ്ടാമത്തെ വെടിയുണ്ട ഇടതു നെഞ്ചിനുമാണേറ്റത്. മൂന്നാമത്തെ തിര ലക്ഷ്യം കണ്ടില്ല. നാലാമത്തെ തിര ഹൃദയഭാഗത്താണ് തറച്ചത്.

ഇതുവരെ 130 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍, കൊലയാളികളിലേക്ക് എത്തുന്നതിന് നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

---- facebook comment plugin here -----

Latest