വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള ലീഡര്‍ തിരഞ്ഞെടുപ്പ് നവ്യാനുഭവമായി

Posted on: September 17, 2017 6:11 am | Last updated: September 16, 2017 at 10:15 pm

വിദ്യാനഗര്‍: ലോക്‌സഭ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്നവര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതും സൈറണ്‍ മുഴങ്ങുന്നതും കേട്ടറിവ് മാത്രമായിരുന്നു കുട്ടികള്‍ക്ക്. എന്നാല്‍ പന്നിപ്പാറ മമ്പഉല്‍ ഹുദാ മദ്‌റസ വിദ്യാര്‍ഥികള്‍ അത് അനുഭവിച്ചറിഞ്ഞ സന്തോഷത്തിലാണ്.

മദ്‌റസയില്‍ നടന്ന മദ്‌റസ ലീഡര്‍ സഥാനത്തേക്കുളള തിരഞ്ഞെടുപ്പിലാണ് വിദ്യാര്‍ഥികള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. അവര്‍ക്ക് വ്യത്യസ്ത ചിഹ്നങ്ങളുമുണ്ടായിരുന്നു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ സൈറണ്‍ മുഴങ്ങുന്നതും ലൈറ്റ് തെളിയുന്നതും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
എട്ടാം ക്ലാസ് വിദ്യാര്‍ഥി തന്‍വീര്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി മുസൈര്‍, പത്താംക്ലാസ് വിദ്യാര്‍ഥി അജ്മല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ നിര്‍മിച്ചത്.
വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഈവനിംഗ് മദ്‌റസ ലീഡറായി അബുല്‍ ബശറിനെയും മോണിംഗ് മദ്‌റസാ ലീഡറായി അബൂബക്കര്‍ ശാമിലിനെയും തിരഞ്ഞെടുത്തു. സ്വദര്‍ മുഅല്ലിം അബ്ദുല്ലത്വീഫ് മൗലവി തുരുത്തി, ഫാറൂഖ് സഅദി, നൂറുദ്ദീന്‍് മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീല്‍ അംജദി നേതൃത്വം നല്‍കി.