റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Posted on: September 16, 2017 12:00 pm | Last updated: September 16, 2017 at 3:03 pm
ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ചിത്രം: ഇര്‍ശാദ് ഇബ്‌റാഹിം

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രീം കോടതിയില്‍ കമ്മീഷന്‍ എതിര്‍ക്കും. മനുഷ്യത്വം മുന്‍നിര്‍ത്തിയും മ്യാന്‍മറിലേക്ക് തിരിച്ചയച്ചാല്‍ പീഡനങ്ങള്‍ക്ക് ഇരയാകുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് മനുഷ്യാവകാശ കമ്മീഷന്‍ റോഹിംഗ്യകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്. റോഹിംഗ്യകളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ അറിയിച്ചിരുന്നു. റോഹിംഗ്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് അറിയിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരസംഘടനകള്‍ റോഹിംഗ്യകളെ ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചേക്കുമെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും നാടുകടത്തുമെന്നും വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കിയത്. ഈ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കേന്ദ്രം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇവര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന നിലയിലായിരിക്കും കേന്ദ്രം സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിക്കുകയെന്നാണ് സൂചന.
മ്യാന്‍മറിലെ അക്രമകാരികളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ നാല്‍പ്പതിനായിരത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ജമ്മു, ഹൈദരാബാദ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ പതിനാറായിരത്തോളം പേര്‍ക്ക് മാത്രമേ യുഎന്‍ അഭയാര്‍ഥി കമ്മീഷന്റെ രേഖകളുള്ളൂ. ഇവരെ പുറത്താക്കുമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചതോടെയാണ് വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.