ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ആവേശം തലമുറകളിലേക്ക് കൈമാറണം : ഗിഗ്‌സ്

Posted on: September 16, 2017 9:00 am | Last updated: September 16, 2017 at 9:00 am

മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റിയാന്‍ ഗിഗ്‌സ്.
ക്രിക്കറ്റിനാണ് ഒന്നാം സ്ഥാനം എന്നറിയാം. എന്നാല്‍, കുടുംബത്തോടൊപ്പം ഫുട്‌ബോള്‍ കാണുന്ന ഒരു സംസ്‌കാരം ഇവിടെയുണ്ട്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ ഒരു കാര്യമാണിത്.
വെയില്‍സ് യൂറോ 2016 ല്‍ സെമിഫൈനലിലെത്തിയത് വലിയ സംഭവമായി. രണ്ടോ മൂന്നോ മാസത്തേക്ക് മാത്രമല്ല ആ നേട്ടത്തിന്റെ പ്രകമ്പനം നിലനിന്നത്. തലമുറകളിലേക്ക് അത് കൈമാറ്റം ചെയ്യപ്പെട്ടു – വെയില്‍സ് താരമായിരുന്ന ഗിഗ്‌സ് പറഞ്ഞു.

വെയില്‍സില്‍ സംഭവിച്ചതു പോലെ ഇന്ത്യയില്‍ അണ്ടര്‍ 17 ലോകകപ്പിന് ശേഷം വലിയൊരു മാറ്റമുണ്ടാകും.
ക്രിക്കറ്റില്‍ ട്വന്റിട്വന്റിയുണ്ടാക്കിയ ചലനം പോലെ ഫുട്‌ബോളില്‍ ഫുട്‌സാലും ചലനമുണ്ടാക്കും. കുറേ സ്ഥലം വേണ്ടെന്നതും കുറച്ച് താരങ്ങള്‍ മതിയെന്നതും ഫുട്‌സാലിന്റെ ജനകീയത വര്‍ധിപ്പിക്കുന്നു.
എന്നാല്‍, ഫുട്‌സാലുമായി മുന്നോട്ടു പോകാനല്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കോച്ചിംഗ് വിഭാഗത്തില്‍ സഹകരിക്കാനാണ് ഗിഗ്‌സിന്റെ ഭാവി പദ്ധതി.