Connect with us

Kerala

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

Published

|

Last Updated

അങ്കമാലി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. അടച്ചിട്ടി കോടതി മുറിയിലാണ് വാദം നടന്നത്. ദിലീപിൻെറ റിമാൻഡ് കാലാവധി ഇൗ മാസം 28 വരെ കോടതി നീട്ടുകയും ചെയ്തു.

ദിലീപ് ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെക്ഷന്‍ 437 പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ജാമ്യപേക്ഷയില്‍ അവകാശപ്പെടുന്നത്. നേരത്തെയുള്ള സാഹചര്യങ്ങളില്‍ മാറ്റമില്ലെന്നും പുതുതായി ഒന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ലന്നും ദിലീപിന്റെ അഭിഭാഷകര്‍ ജാമ്യപേക്ഷയില്‍ പറയുന്നു.

നടിയുടെ നഗ്‌ന ചിത്രം എടുത്തു നല്‍കാന്‍ പള്‍സര്‍സുനിയെ സമീപിച്ചു എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും തുടര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ ബി രാമന്‍ പിള്ള മുഖേനയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, നടിയുടെ ചിത്രമെടുക്കാന്‍ മാത്രമല്ല നടിയെ ആക്രമിക്കേണ്ടത് എങ്ങനെ എന്നും ദിലീപ് പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ ബോധിപ്പിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് ഈ പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

ഇത് രണ്ടാം പ്രാവശ്യമാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നേരത്തെ അഡ്വ. രാംകുമാര്‍ മുഖേന ദിലീപ് ഇതേ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് രണ്ട് വട്ടം ഹൈക്കോടതിയും ദിലീപിന്റെ ജാമ്യപേക്ഷ തള്ളുകയായിരുന്നു.