Connect with us

International

ലണ്ടന്‍ മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം: ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു

Published

|

Last Updated

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്‌സ് (ഐഎസ്) ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐഎസ് ഇക്കാര്യമറിയിച്ചത്. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ച കവറിനുള്ളിലെ വെള്ള ബക്കറ്റില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ട്രെയിനിന്റെ പിന്‍ഭാഗത്താണ് ഇത് സ്ഥാപിച്ചത്. സ്‌ഫോടനത്തില്‍ ചില യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മറ്റ് ചിലര്‍ക്ക് പരുക്കേറ്റത്. 22 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

ടൈമര്‍ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. തദ്ദേശീയമായി നിര്‍മിച്ചതാണെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്റ്റേഷന്‍ താത്കാലികമായി അടച്ചിട്ടു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഥാപിച്ചയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2005ല്‍ ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനുകളിലും ബസിലുമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണമെന്ന് കരുതുന്ന നാല് ആക്രമണങ്ങളാണ് ബ്രിട്ടനില്‍ ഈ വര്‍ഷമുണ്ടായത്.

Latest