സയനൈഡ് മോഹനെതിരെ ബലാത്സംഗ കൊലക്കുറ്റം; ശിക്ഷ ഇന്ന്

Posted on: September 15, 2017 8:45 am | Last updated: September 15, 2017 at 11:17 am
SHARE

ബെംഗളൂരു: ഇരുപത് ബലാത്സംഗ- കൊലപാതക കേസു കളില്‍ ഉള്‍പ്പെട്ട സയനൈഡ് മോഹന്‍ മറ്റൊരു കേസില്‍ കൂടി കുറ്റക്കാരന്‍. യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു ബണ്ട്വാള്‍ സ്വദേശിയായ കെ മോഹന്‍ കുമാര്‍ എന്ന സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ആറ്) ജഡ്ജി ഡി ടി പുട്ടരംഗ സ്വാമി വിധിച്ചത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

2009 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. പുത്തൂരിനടുത്ത പട്ടേമജലു ഗ്രാമത്തില്‍ ബീഡിത്തൊഴിലാളിയായ 22 കാരിയെ ഇന്റര്‍വ്യൂവിന്റെ പേരില്‍ മടിക്കേരിയിലെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മുറി വിടും മുമ്പ് ഗര്‍ഭധാരണം തടയാനുള്ള മരുന്ന് എന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നല്‍കി. ഇത് കഴിച്ചതിനെത്തുടര്‍ന്ന് അവശയായ യുവതി മടിക്കേരി ബസ്സ്റ്റാന്റിലെ പൊതുശുചിമുറിയില്‍ മരിച്ചുവീഴുകയായിരുന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജുഡിത് ഒ എം ക്രാസ്റ്റ പ്രതിക്ക് സയ നൈഡ് നല്‍കിയ ആളുടെ മൊഴി രേഖപ്പെടുത്തിയ ബണ്ട്വാള്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 44 പേരെ വിസ്തരിച്ചിരുന്നു.

അധ്യാപകനായിരിക്കെ 2004നും 2009നുമിടയില്‍ പ്രതിക്കെതിരെ 20 ബലാത്സംഗ, കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളില്‍ 2013ല്‍ വിധിച്ച ജീവപര്യന്തം തടവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി വിധി വന്നിട്ടില്ല. കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലാണ് പ്രതിയുടെ അക്രമ രീതിയിലേക്ക് വഴിതുറന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here