അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളര്‍പ്പിക്കുക

Posted on: September 15, 2017 6:09 am | Last updated: November 10, 2017 at 8:41 pm

മറ്റുള്ളവരാല്‍ അഭിനന്ദിക്കപ്പെടുന്നത് ഏറെ സന്തോഷകരമാണ്. ഏത് കാര്യത്തില്‍ അഭിനന്ദിക്കപ്പെട്ടാലും ആ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നി മുന്നേറാന്‍ അത് പ്രചോദനമാകും. പഠന,കലാ,കായിക വിഷയങ്ങളിലെല്ലാം മുന്നേറ്റം കായ്ചവെച്ച മിടുക്കന്മാരെ കുറിച്ച് പഠിച്ചാല്‍ സമൂഹത്തില്‍ നിന്നുള്ള ചില നല്ല മനുഷ്യരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമായിരിക്കും അവരെ വിജയ തീരത്തെത്തിച്ചതെന്ന് മനസ്സിലാകും.
അമ്പതില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങിയ കുട്ടിയെ നഷ്ടപ്പെട്ട പത്ത് മാര്‍ക്കിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ്. ഈ സമീപനം നിരാശാബോധം വര്‍ധിപ്പിക്കുന്നതിന് കാരണമാകുകയും അടുത്ത പരീക്ഷയില്‍ മാര്‍ക്ക് മുപ്പതിലേക്ക് കൂപ്പ് കുത്തുകയും ചെയ്യും. എന്നാല്‍, നേടിയ 40 മാര്‍ക്കിന്റെ പേരില്‍ അഭിനന്ദിക്കാന്‍ തയ്യാറായാല്‍ അടുത്ത പരീക്ഷയില്‍ അമ്പത് തന്നെ ലഭിക്കാന്‍ കാരണമാകുയും ചെയ്യും.

നല്ല മനസ്സുള്ളവര്‍ക്കേ മറ്റുള്ളവരെ അഭിനന്ദിക്കാന്‍ സാധിക്കൂ. ദോശൈകദൃക്കുകള്‍ക്ക് കുറ്റങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരു പുതിയ വസ്ത്രം ധരിച്ച് വന്ന കൂട്ടുകാരനോട് ഇത് നല്ല ചേര്‍ച്ചയുണ്ട്, നിന്റെ സെലക്ഷന്‍ നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അയാള്‍ കോരിത്തരിക്കും. സുമനസ്സുള്ളവര്‍ക്ക് തന്റെ സുഹൃത്ത് സന്തോഷിക്കുന്നതിലാണ് സന്തോഷം. അല്ലാത്തവര്‍ കൂട്ടുകാരനെ വേദനിപ്പിക്കാന്‍ വേണ്ടി ‘ഏത് റോഡ്‌സൈഡില്‍ നിന്നാണിത് കിട്ടിയത്?’ എന്ന് ചോദിച്ച് നിന്ദിക്കും.

ഈയിടെ താമസമാക്കിയ വീട്ടില്‍ തന്റെ ചില പ്രവാസി സുഹൃത്തുക്കളെ ക്ഷണിച്ചുവരുത്തി. തന്റെ ജീവിത സ്വപ്‌നം സാക്ഷാത്കരിച്ചത് അവരെ കാണിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം. എന്നാല്‍, ‘ഇതാണോ ഇത്രയും കാഷ് മുടക്കിയുണ്ടാക്കിയ വീട്?’ എന്ന ഒറ്റ ചോദ്യം കൊണ്ട് റഫീഖ് തളര്‍ന്നു. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞാല്‍ കൂട്ടുകാരന്‍ സന്തോഷിക്കുമെന്നല്ലാതെ നമുക്കെന്താണ് ചേതം വരാനുള്ളത്?
തൊഴിലാളികളെ നിയന്ത്രിക്കുന്ന മേസ്തിരിമാര്‍ നൂറ് ന്യൂനതകളെങ്കിലും കണ്ടെത്തി കുറ്റപ്പെടുത്തും. ഇത് തൊഴിലാളികളുടെ ഊര്‍ജവും ഉന്മേഷവും ചോര്‍ത്തിക്കളയും. പകരം, ‘നല്ല വൃത്തിയുള്ള പണിയാണ് നിങ്ങളുടേത്’ എന്നത് പോലെയുള്ള അഭിനന്ദനത്തിന്റെ ശൈലി ഉപയോഗിച്ചു നോക്കൂ. ആ തൊഴിലാളിയുടെ കര്‍മശേഷി വര്‍ധിക്കുകയും മികച്ച സേവനം അയാള്‍ സമര്‍പ്പിക്കുകയും ചെയ്യും. തീന്‍മേശയിലും വേണം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. കല്യാണ വേദികളില്‍ പാചകക്കാരന്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെടും. എങ്ങനെയുണ്ട് ഭക്ഷണം എന്ന മട്ടില്‍ അയാള്‍ നമ്മെ നോക്കും. നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍, ഇനി കൂലി കിട്ടിയിട്ടില്ലെങ്കിലും അയാള്‍ സന്തുഷ്ടനാകും. സ്വന്തം ഭാര്യമാര്‍ വളരെ കഷ്ടപ്പെട്ടാണ് നിത്യവും നമുക്ക് ആഹാരമുണ്ടാക്കിത്തരുന്നത്. ഉപ്പില്ല, എരിവ് കൂടി, വേവ് കുറഞ്ഞു ഇങ്ങനെ പരാതികളും കുറവുകളും എല്ലാ ദിവസവും അവര്‍ കേള്‍ക്കുന്നുണ്ടാകും. എന്നാല്‍, ‘ഇത് കിടിലന്‍ മീന്‍ കറിയാണല്ലോ’ തുടങ്ങിയ അഭിനന്ദന പ്രയോഗങ്ങള്‍ നടത്തിനോക്കൂ. നിങ്ങളുടെ ഭാര്യ ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം തരം പാചകക്കാരിയായി മാറും. ഒരു കാര്യം മറക്കേണ്ട. നന്നായതു മാത്രം അഭിനന്ദിച്ചാല്‍ മതി. മറിച്ചായാല്‍ ആ ‘കാടിവെള്ളം’ എന്നും സഹിക്കേണ്ടിവരും.
കുറ്റങ്ങളും കുറവുകളും തിരഞ്ഞുപിടിച്ച് പരസ്യപ്പെടുത്തുന്നത് ചീഞ്ഞതില്‍ മാത്രം ചികയുന്ന ഈച്ചയുടെ പണിയാണ്. തനിക്ക് സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലെങ്കിലും കാറുമായി വരുന്നവനോട് ‘ഏതാണീ പാട്ട വണ്ടി’ എന്ന് ചോദിക്കുന്നത് ഇത്തരക്കാരാണ്. പാട്ട് എന്ന് പറയാന്‍ പോലും കഴിയാത്തവന്‍ നല്ല ഗായകനെ കഴുതരാഗം പാടുന്നവന്‍ എന്ന് പറഞ്ഞു നിന്ദിക്കം.

നബി(സ) പറഞ്ഞു: നന്മ കണ്ടാല്‍ മറച്ചുവെക്കുകയും തിന്മ കണ്ടാല്‍ പരസ്യമാക്കുകയും ചെയ്യുന്ന ദുഷിച്ച കൂട്ടുകാരനില്‍ നിന്ന് നിങ്ങള്‍ അല്ലാഹുവിനോട് അഭയം തേടുക. (ബുഖാരി)