Connect with us

Gulf

ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകളില്‍ വേഗപരിധി കുറക്കുന്നു

Published

|

Last Updated

ദുബൈ : രാജ്യത്തെ തിരക്കേറിയ പാതകളിലൊന്നായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്‌സ് റോഡിലും ഒക്ടോബര്‍ 15 മുതല്‍ വാഹനങ്ങളുടെ വേഗപരിധി കുറക്കും. രണ്ട് റോഡുകളിലും മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 110 കിലോമീറ്ററാക്കിയാണ് കുറക്കുകയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ കരുതിയാണ് തീരുമാനം. ഇത് വാഹനാപകടങ്ങള്‍ കുറക്കാന്‍ വഴിയൊരുക്കുമെന്നും വ്യക്തമാക്കി. നിലവില്‍ ഏറെ അപകടങ്ങളുണ്ടാകുന്ന റോഡുകളാണിത്.

വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വേഗനിയന്ത്രണം കൊണ്ടുവരുന്നതെന്ന് ആര്‍ ടി എ ഗതാഗത വിഭാഗം സി ഇ ഒ മൈത്ത ബിന്‍ അദിയ്യ പറഞ്ഞു. നിലവില്‍ മണിക്കൂറില്‍ 12000 വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ശേഷി മാത്രമേ രണ്ട് റോഡിനും ഉള്ളൂ. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അബുദാബി ഭാഗത്തേക്ക് 7009 വാഹനങ്ങള്‍ക്കു സഞ്ചരിക്കാം.

പക്ഷെ വാഹനങ്ങളില്‍ ആറു ശതമാനം ഭാരവാഹനങ്ങളാണ്. ഷാര്‍ജ ഭാഗത്തേക്ക് 7821 വാഹനങ്ങള്‍ യാത്രചെയ്യുന്നു. ഭാരവാഹനങ്ങള്‍ 12 ശതമാനം വരും. എമിറേറ്‌സ് റോഡില്‍ അബുദാബി ഭാഗത്തേക്ക് 6442 ഉം ഷാര്‍ജ ഭാഗത്തേക്ക് 3416 ഉം വാഹനങ്ങള്‍ സഞ്ചരിക്കുന്നു. ഇവിടെയും ധാരാളം ഭാരവാഹനങ്ങള്‍ ഉള്‍പെടുന്നു. അപകടങ്ങള്‍ കുറക്കാന്‍ വേഗനിയന്ത്രണം അനിവാര്യമാണ്. റോഡിന്റെ ഇരു ഭാഗങ്ങളിലും നഗരവല്‍കരണം വേഗത്തിലാണ്. അപകട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ടെന്ന് മൈത്ത വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 99 അപകടങ്ങളില്‍ ആറു മരണങ്ങള്‍ നടന്നുവെന്ന് ദുബൈ പോലീസ് ഉപമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ചൂണ്ടിക്കാട്ടി. എമിറേറ്‌സ് റോഡില്‍ 40 അപകടങ്ങളില്‍ 10 പേര്‍ മരിച്ചു. രണ്ടിടത്തും നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതുകൊണ്ട്തന്നെ രാജ്യാന്തര നിലവാരത്തില്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മേജര്‍ ജനറല്‍ അറിയിച്ചു. ദുബൈയില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 90 പേര്‍. ഇതില്‍ 44 പേരും മരിച്ചത് സ്വകാര്യ കാറുകള്‍ ഇടിച്ചാണ്. സ്വകാര്യ വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നതില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ട്. റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നതായി ഗതാഗത വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂഇ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിവേഗമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരും അപകടത്തില്‍ മരിക്കുന്നത് കൂടിവരുന്നു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വാഹനാപകടങ്ങളെത്തുടര്‍ന്നുള്ള മരണനിരക്ക് കുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദുബൈ ഗതാഗത വിഭാഗം. ഇതിനായി കര്‍ശന നിയമം കൊണ്ടുവരും. നിലവിലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും തീരുമാനമുണ്ട്. റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവരെ ബോധവത്കരിക്കും. നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈകൊള്ളുമെന്നും ദുബൈ ഗതാഗതവിഭാഗം തലവന്‍ അറിയിച്ചു. കാല്‍നടയാത്രക്കാര്‍ ഗതാഗതനിയമം തെറ്റിക്കുന്നത് കൂടിവരികയാണെന്നും ബ്രിഗേഡിയര്‍ ചൂണ്ടിക്കാട്ടി.

 

Latest