പെഹ്‌ലുഖാന്‍ വധം: ആറ് പ്രതികള്‍ക്കും പോലീസിന്റെ ക്ലീന്‍ ചിറ്റ്

Posted on: September 14, 2017 1:46 pm | Last updated: September 14, 2017 at 5:51 pm

ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷാക്കാര്‍ നടുറോഡില്‍ വെച്ച് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്കെതിരായ അന്വേഷണം രാജസ്ഥാന്‍ പോലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി. ഓം യാദവ്, ഹുക്കും ചന്ദ് യാദവ്, സുധീര്‍ യാദവ്, ജഗ്മല്‍ യാദവ്, നവീന്‍ ശര്‍മ, രാഹുല്‍ സെയിനി എന്നിവരെയാണ് എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കിയത്. ഇവരില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പെഹ്‌ലുഖാന്‍ നല്‍കിയ മൊഴിപ്രകാരമാണ് ഈ ആറ് പേര്‍ക്കും മറ്റ് 200ഓളം പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അക്രമസമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ക്ക് പോലീസ് ക്ലീന്‍ ചീട്ട് നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതായും അതിനാല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാനിലെ ആല്‍വാറില്‍ ഏപ്രിലില്‍ ആണ് ഹരിയാന സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. ജെയ്പൂരിലെ മാര്‍ക്കറ്റില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുവരുന്നതിനിടെയാണ് മര്‍ദനമേറ്റത്. പശുക്കളെ കൊണ്ടുപോകുന്നതിനാവശ്യമായ രേഖകള്‍ പെഹ്ലുഖാന്റെ കൈവശമുണ്ടായിരുന്നു. മകന്‍ ഇര്‍ഷാദിനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.