രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

Posted on: September 14, 2017 11:46 am | Last updated: September 14, 2017 at 2:41 pm

അഹ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് തുടക്കം കുറിച്ചു. സബര്‍മതി ആശ്രമത്തിന് സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും അഹ്മദാബാദിനെയും ബന്ധിപ്പിക്കുന്ന പദ്ധതി ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈ സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യും. 508 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. 12 സ്റ്റേഷനുകളാണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴ് കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണ് യാത്ര. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുംബൈയില്‍ നിന്ന് അഹ്മദാബാദിലെത്താന്‍ രണ്ട് മണിക്കൂര്‍ മതിയാകും. പത്ത് കോച്ചുള്ള ബുള്ളറ്റ് ട്രെയിനില്‍ 750 പേര്‍ക്ക് യാത്ര ചെയ്യാം.