റോഹിംഗ്യകളെ നാടുകടത്തുമ്പോള്‍ ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം

Posted on: September 14, 2017 10:05 am | Last updated: September 14, 2017 at 10:05 am
ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ചിത്രം: ഇര്‍ശാദ് ഇബ്‌റാഹിം

ന്യൂഡല്‍ഹി: മ്യാന്മറിലെ ബുദ്ധമത അനുയായികളുടെയും സൈന്യത്തിന്റെയും പീഡനങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ ഒരു ലക്ഷത്തിലേറെ ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. യു എന്‍ അഭയാര്‍ഥി രജിസ്റ്ററില്‍ പേരില്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൗരത്വം നല്‍കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അരുണാചല്‍ പ്രദേശിലെ ബുദ്ധ, ഹിന്ദു അഭയാര്‍ഥികളായ ചക്മ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് തീരുമാനമെടുത്തത്. 1960കളില്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശിലെ ചിറ്റഗോംഗ് പര്‍വത മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഒരു ലക്ഷത്തില്‍ അധികം വരുന്ന ചക്മ-ഹജോംഗ്‌സ് അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുന്നതിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കെടുത്തു.

ചക്മ- ഹജോംഗ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി മുതിര്‍ന്ന മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതേസമയം, അരുണാചല്‍ പ്രദേശില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുള്ള അര്‍ഹത ഇവര്‍ക്കുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1964 മുതല്‍ അരുണാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളില്‍ താമസിച്ചുവരുന്ന ചക്മകള്‍ക്ക് പൗരത്വം നല്‍കാമെന്ന് 2015ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും പൗരത്വം നല്‍കുന്നതിന് കേന്ദ്രം അംഗീകാരം നല്‍കിയത്. ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കാതെയുള്ള പൗരത്വം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, തദ്ദേശീയര്‍ എത്തിപ്പെടാത്ത സംസ്ഥാനത്തിന്റെ വനമേഖലകളിലടക്കം ഇവര്‍ക്ക് ഭാവിയില്‍ ഭൂമിയില്‍ അവകാശം നല്‍കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുമെന്നും വ്യക്തമാക്കി.

കുടിയേറ്റത്തിന്റെ ആദ്യ കാലയളവായ 1964-69ല്‍ 5000 പേര്‍ മാത്രമായിരുന്നു ഇവര്‍. എന്നാല്‍, നിലവില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അരുണാചല്‍ പ്രദേശിന് പുറമെ പശ്ചിമ ബംഗാള്‍, ത്രിപുര, അസം, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലും ചക്മ വിഭാഗങ്ങളുണ്ട്. പൗരത്വം നല്‍കുന്നത് സംസ്ഥാനത്തിന്റെ ജനസംഖ്യാ വിന്യാസത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് സംസ്ഥാനങ്ങള്‍ എതിര്‍ത്തത്.
രാജ്യത്ത് യു എന്‍ രജിസ്റ്റര്‍ ചെയ്ത 40000ത്തോളം മാത്രം വരുന്ന റോഹിംഗ്യകളെ അഭയാര്‍ഥികളായി പോലും പരിഗണിക്കാനാകില്ലെന്ന് കേന്ദ്രം നിലപാടെടുക്കുമ്പോഴാണ് ചക്മ വിഭാഗത്തിന് പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

സുപ്രീം കോടതിയില്‍ റോഹിംഗ്യകളുടെ
പൊതുതാത്പര്യ ഹരജി

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ തീവ്രവാദ മുദ്രകുത്തി നാടുകടത്താനുള്ള സര്‍ക്കാര്‍ അനുകൂല സംഘടനകളുടെയും വ്യക്തികളുടെയും ഹരജികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പൊതുതാത്പര്യ ഹരജി നല്‍കി. തങ്ങള്‍ തീവ്രവാദികളല്ലെന്നും മുസ്‌ലിംകളായി എന്നതിന്റെ പേരില്‍ മാത്രമാണ് വേട്ടയാടുന്നതെന്നും ചൂണ്ടിക്കാട്ടി കശ്മീരിലെ അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന ഒരുകൂട്ടം റോഹിംഗ്യകളാണ് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കോളിന്‍ ഗോണ്‍സാല്‍വ്‌സ് വഴി ഹരജി സമര്‍പ്പിച്ചത്.