ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കുകൊണ്ടെന്ന് റിപ്പോര്‍ട്ട്

Posted on: September 14, 2017 9:20 am | Last updated: September 14, 2017 at 11:52 am

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് എംഎം കല്‍ബുര്‍ഗിയുടെ വധവുമായി സമാനതകളുണ്ടെന്ന് കണ്ടെത്തല്‍. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും ഒരേ രീതിയിലുള്ളതാണെന്നാണ് തെളിഞ്ഞതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് കൊലപാതകങ്ങള്‍ക്കും 7.65 എംഎം നാടന്‍ പിസ്റ്റളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും തുളച്ചുകയറിയ ബുള്ളറ്റുകള്‍ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തിരകളില്‍ നിന്നുള്ളവയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് ഓരേ തോക്കുകളാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞതോടെ ഇരു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമോ സംഘടനയോ ആകാമെന്ന നിയമനത്തിലാണ് അന്വേഷണ സംഘം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടെ അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 2015 ആഗസ്റ്റ് 30ന് ധാര്‍വാഡയിലെ വീട്ടിലെത്തിയ കൊലയാളി കല്‍ബുര്‍ഗിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പുരോഗമന വാദിയായ ഗോവിന്ദ് പന്‍സാര, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ട തീരികളും സമാനമാണ്. ധബോള്‍ക്കര്‍ 2013 ഓഗസ്റ്റിലും പന്‍സാരെ 2015 ഫെബ്രുവരിയിലുമാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വധിക്കപ്പെട്ടവരെല്ലാം സംഘ്പരിവാര്‍ വിമര്‍ശകരായിരുന്നു. തീവ്ര ഹൈന്ദവ സംഘടനകളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു.