Connect with us

National

ആന്ധ്രയില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ തെലുങ്ക് നിര്‍ബന്ധം

Published

|

Last Updated

ഹൈദരാബാദ്: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ തെലുങ്ക് പഠനം നിര്‍ബന്ധമാക്കി. സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമണ്. തെലുങ്ക് നിര്‍ബന്ധ വിഷയമായി പഠിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ അംഗീകാരം നല്‍കില്ലെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി. ഉറുദു തിരഞ്ഞെടുക്കുന്നവര്‍ക്ക് അത് ഐച്ഛിക വിഷയമായെടുക്കാം.

ഡിസംബര്‍ 15മുതല്‍ 19 വരെ ലോക തെലുങ്ക് മഹാ സമ്മേളനം ഹൈദരാബാദില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഉത്തരവ്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പുതിയ തെലുങ്ക് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തെലുങ്ക് സാഹിത്യ അക്കാദമിയോട് മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എത്രയും വേഗം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സാഹിത്യ അക്കാദമി തയ്യാറാക്കുന്ന സിലിബസ് മാത്രമേ പഠിപ്പിക്കാവൂ എന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളും അവയുടെ ബോര്‍ഡുകള്‍ തെലുങ്കില്‍ പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. മറ്റ് ഭാഷകളില്‍ ബോര്‍ഡ് വെക്കുന്നവര്‍ക്ക് അതാകം. എന്നാല്‍ ആ ബോര്‍ഡില്‍ തന്നെയോ തൊട്ടടുത്തോ തലുങ്കില്‍ പേരും വിലാസവും എഴുതി വെക്കണം.
50 കോടി രൂപയാണ് ലോക തെലുങ്ക് സമ്മേളനത്തിന് നീക്കി വെച്ചിട്ടുള്ളത്.

അഞ്ച് കോടി രൂപ സാഹിത്യ അക്കാദമിക്കും രണ്ട് കോടി ഔദ്യോഗിക ഭാഷാ കമ്മീഷനും അനുവദിച്ചിട്ടുണ്ട്.