Connect with us

Kerala

ഹജ്ജ് 2018; 15,000ല്‍ കൂടുതല്‍ അപേക്ഷകള്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

Published

|

Last Updated

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച് ഹാജിമാരുടെ മടക്കയാത്ര 21 നു തുടങ്ങാനിരിക്കെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷ അപേക്ഷകരിലെ നാലാം വര്‍ഷക്കാരായ 15,000 ല്‍ അധികം പേര്‍ അടുത്ത വര്‍ഷം അഞ്ചാം വര്‍ഷത്തിലേക്ക്.

അടുത്ത വര്‍ഷവും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കുകയാണെങ്കില്‍ 15,500 പേര്‍ക്കെങ്കിലും കേരളത്തില്‍ നിന്ന് അവസരമുണ്ടാകും. ഇത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ള സംസ്ഥാനമെന്ന ബഹുമതിക്കും കാരണമാകും.
95,236 പേരാണ് ഈ വര്‍ഷത്തെ ഹജ്ജിനു അപേക്ഷിച്ചിരുന്നത്. എ, ബി കാറ്റഗറിയില്‍ പെട്ട 10,830 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുകയും അധികമായി ലഭിച്ച സീറ്റിലേക്കുള്ള 640 പേരെ നാലാം വര്‍ഷ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പടെ 11,830 ഹാജിമാരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരി വഴി ഹജ്ജിനു പുറപ്പെട്ടത്. ഇവരില്‍ 305 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ള വരും 32 പേര്‍ മാഹിയില്‍ നിന്നുള്ള വരുമാണ്.
അടുത്ത വര്‍ഷത്തെ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നായിരിക്കുമെന്ന് വിവിധ തലങ്ങളില്‍ നിന്നുള്ള ഉറപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതിയായതോടെ ഹജ്ജ് എമ്പാര്‍ക്കേഷനും ഹജ്ജ് യാത്രയും വീണ്ടും കരിപ്പൂരിലേക്ക് തിരിച്ചെത്തുകയാണ്. ഹാജിമാരില്‍ 82 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരായതും ഹജ്ജ് യാത്ര കരിപ്പൂരിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വകുപ്പില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് യാത്ര കരിപ്പൂരിലേക്ക് തന്നെ തിരിച്ചു വരുന്നത് മുന്നില്‍ കണ്ട് ഹജ്ജ് ഹൗസിനോട് ചേര്‍ന്നു നിര്‍മിക്കാനിരിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 20 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ 20 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാകും. ബാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ലഭിക്കുന്നതിനായി സ്വാധീനം ചെലുത്തും.പൊതുജനങ്ങളില്‍ നിന്ന് തുക സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ അടുത്ത ഹജ്ജ് യാത്രക്ക് മുമ്പ് തന്നെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

അതിനിടെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പെരുമാറ്റചട്ടം നിലവില്‍ വന്നതും സര്‍ക്കാറില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായിരിക്കയാണ്. ഏഴ് നില കെട്ടിടത്തില്‍ സ്ത്രീകള്‍ക്ക് താമസത്തിനും പ്രാര്‍ഥനക്കുമായി പ്രത്യേക നിലയും ബാഗേജ് സൂക്ഷിക്കുന്നതിനും ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനത്തിനുമായി വിവിധ നിലകള്‍ ഉപയോഗപ്പെടുത്തും.