സിംഗപ്പൂരിന് ‘എതിരില്ലാതെ’ പ്രഥമ വനിതാ പ്രസിഡന്റ്

Posted on: September 14, 2017 12:02 am | Last updated: September 13, 2017 at 10:49 pm

സിംഗപ്പൂര്‍ : സിംഗപ്പൂരിന്റെ പ്രഥമ വനിതാ പ്രസിഡന്റിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. മലായി മുസ്‌ലിം ന്യൂനപക്ഷത്തില്‍നിന്നുള്ള മുന്‍ പാര്‍ലമെന്റ് സ്പീക്കറായിരുന്ന ഹലീമ യാഅ്ഖൂബാണ് പ്രസിഡന്റ്.

എതിരാളികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ ഹലീമക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുയരാന്‍ കഴിഞ്ഞത്. 47 വര്‍ഷത്തിനിടെ മലായ് വംശത്തില്‍നിന്നുള്ള ആദ്യ സിംഗപ്പൂര്‍ പ്രസിഡന്റാണ് ഇവര്‍. പ്രസിഡന്റ് പദത്തിലേക്ക് മലായ് വിഭാഗത്തില്‍നിന്നുള്ളവരെ മാത്രമെ സ്ഥാനാര്‍ഥിയാകാന്‍ അനുവദിക്കുവെന്ന് അധിക്യതര്‍ തീരുമാനമെടുത്തിരുന്നു.

ചൈനീസ് വംശജര്‍ ഭൂരിപക്ഷമുള്ള 5.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന നഗര രാജ്യത്തിന്റെ ഒരുമയെ പരിപോഷിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. ഹലീമയുടെ എതിരാളികളായ സാലേഹ് മാരികാന്‍, ഫരീദ് ഖാന്‍ എന്നിവര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ട് സ്ഥാനാര്‍ഥിത്വം തള്ളുകയായിരുന്നു.