ഭീമമായ നഷ്ടപരിഹാരത്തുക നല്‍കാനില്ലാതെ ജയിലില്‍ കഴിഞ്ഞ മുക്കം സ്വദേശിക്ക് മോചനം

Posted on: September 13, 2017 1:17 pm | Last updated: September 13, 2017 at 1:20 pm

ജിദ്ദ: വാഹന അപകടത്തില്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കാനില്ലാതെ കഴിഞ്ഞ ഒന്നര വര്‍ഷമായി ജിദ്ദയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് മുക്കം കാരമൂല സ്വദേശി മുജീബ്‌റഹ്മാന് ജയില്‍ മോചനം. 2016 ഫെബ്രുവരി ഒന്നിന് ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റില്‍ വെച്ചാണ് മുജീബ് ഓടിച്ചിരുന്ന വാഹനം സഈദിയിലെ രാജകുടുംബാംഗത്തിന്റെ ആഡംബര കാറില്‍ ഇടിച്ചത്. രാജകുമാരന്റെ കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഭീമമായ തുക നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. മുജീബിന്റെ വാഹനത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉണ്ടായിരുന്നില്ല. ഇതോടെ ഭീമമായ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ ജയിലിലാകുകയായിരുന്നു.

ജയില്‍ മോചനത്തിന് സഹോദരന്‍ മുഹ്‌സിന്‍ , ജിദ്ദയിലുള്ള കലാ,സാംസ്‌കാരിക, മത, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും, മുജീബിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജിദ്ദയില്‍ ജിദ്ദയില്‍ കൂട്ടായ്മ രൂപവത്കരിച്ചു. നാട്ടില്‍ ജനപ്രതിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ വിപുലമായ വിപുലമായ ആക്ഷന്‍ കമ്മിറ്റിയും കൂട്ടായ്മയും രൂപവത്കരിച്ചു. തുടര്‍ന്ന് സഊദി സ്വദേശിയായ അഭിഭാഷകന്‍ കേസില്‍ ഇടപെടുകയും കോടതിയില്‍ മുജീബിന്റെ ഫയലുകള്‍ എത്തിക്കുകയുമായിരുന്നു, തുടര്‍ന്നാണ് മുജീബിന് മോചനം സാധ്യമായത്.