എംജിആറിന്റെ നൂറാം ജന്മദിനത്തില്‍ നൂറ് രൂപ നാണയം പുറത്തിറക്കും

Posted on: September 12, 2017 7:51 pm | Last updated: September 12, 2017 at 7:51 pm
പഴയ നൂറ് രൂപ നാണയം

ന്യൂഡല്‍ഹി: പുതിയ കറന്‍സികള്‍ക്ക് പിന്നാലെ നൂറു രൂപയുടെ പുതിയ നാണയവും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. എഐഎഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആര്‍ എന്ന ഡോ. എംജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ പുതിയ നാണയം പുറത്തിറക്കും. അഞ്ച് രൂപയുടെ പുതിയ നാണയവും ഇതോടൊപ്പം പുറത്തിറക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

44 മില്ലീമീറ്റര്‍ വ്യാസത്തിലാണ് നൂറു രൂപ നാണയം തയ്യാറാക്കുക. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കും അടങ്ങിയ ലോഹമാണ് നാണയത്തിനായി ഉപയോഗിക്കുക. ഒരു ഭാഗത്ത് അശോക സ്തംഭവും ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യവും രേഖപ്പെടുത്തും. ഈ ഭാഗത്ത് തന്നെ നൂറ് രൂപ എന്നതും രേഖപ്പെടുത്തും. മറുവശത്ത് എംജിആറിന്റെ ചിത്രം ആലേഖനം ചെയ്യും. 35 ഗ്രാമായിരിക്കും നാണയത്തിന്റെ തൂക്കം.

പുതിയ അഞ്ച് രൂപ നാണയത്തിന് 23 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. ആറ് ഗ്രാമാണ് തൂക്കം. 75 ശതമാനം ചെമ്പ്, 20 ശതമാനം സിങ്ക്, അഞ്ച് ശതമാനം നിക്കല്‍ അടങ്ങിയ ലോഹക്കൂട്ടിലാണ് ഇത് തയ്യാറാക്കുക.

ഭാരതരത്‌ന അവാര്‍ഡ് ജേതാവ് കൂടിയായ എംജിആറിന്റെ ജന്മ വാര്‍ഷികത്തില്‍ അദ്ധേഹത്തീന്റെ സ്മരണാര്‍ഥം നാണയവും സ്റ്റാമ്പും ഇറക്കണമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു.