ചെഞ്ചോപ്പിലൊരു റോഡ്‌

Posted on: September 11, 2017 10:02 pm | Last updated: September 11, 2017 at 10:02 pm

ദോഹ: കറുപ്പിന് പകരം ചെഞ്ചോപ്പിലൊരു റോഡ്. രാജ്യത്ത് ആദ്യമായാണ് ചുവന്ന റോഡ് നിര്‍മിക്കുന്നത്. ഖത്വര്‍ നാഷനല്‍ തിയേറ്ററിനും അമീരി ദിവാന്‍ റൗണ്ട് എബൗട്ടിനുമിടയിലാണ് ചുവന്ന റോഡ്.

കറുപ്പിന് പകരം ചുവന്ന ടാര്‍ ഉപയോഗിച്ചതു കൊണ്ടാണ് ഈ തെരുവ് ചുവന്നു പോയത്. അവശ്യ സന്ദര്‍ഭങ്ങളില്‍ യാന്ത്രികമായി റോഡ് അടച്ചിടാനും കേവലം കാല്‍നടക്ക് മാത്രമായി ഉപയോഗപ്പെടുത്താനും സാധിക്കും. ദേശീയ ദിനം, ദേശീയ കായിക ദിനം തുടങ്ങിയ പ്രധാന അവസരങ്ങളിലാണ് ഇത്തരത്തില്‍ ഈ റോഡിനെ മാറ്റുക. മാത്രമല്ല, ഫിഫ 2022 ലോകകപ്പിന് ഫാന്‍ സോണായി മാറ്റുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബിദ പാര്‍ക്ക്. ദോഹ കോര്‍ണിഷിലെ പ്രധാന ആഘോഷ വേദിയായി ഈ റോഡ് മാറും.
അല്‍ ബിദ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി തുറക്കുന്ന റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രൈവറ്റ് എന്‍ജിനീയറിംഗ് ഓഫീസാണ് നിര്‍വഹിക്കുന്നത്.

മേഖലയിലെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നായി അല്‍ ബിദ ഇരുപത് ലക്ഷം ചതുരശ്ര മീറ്ററിലാണ് പരന്നു കിടക്കുക. ഏകദേശം ആറായിരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാവുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഉള്‍പ്പെടെ പ്രധാനപ്പെട്ട നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വനിതകള്‍ക്ക് ഉള്‍പ്പെടെ ജിംനേഷ്യം, ഔട്ട്‌ഡോര്‍ വ്യായാമ ഉപകരണങ്ങള്‍, ഓപണ്‍ എയര്‍ കളിക്കളം, 850 പേര്‍ക്ക് കാണാവുന്ന ഓപ്പണ്‍ തിയേറ്റര്‍, സൈക്കിള്‍, കുതിര, ഒട്ടക ട്രാക്ക്, ജലകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.