Connect with us

Gulf

ഇന്ത്യന്‍ സ്ഥാനപതിക്ക് ഷാര്‍ജയില്‍ സ്വീകരണം

Published

|

Last Updated

ഷാര്‍ജ: ഇന്ത്യയുടെ ഭാവി കുട്ടികളുടെ തിളങ്ങുന്ന കണ്ണുകളില്‍ കാണുന്നതായി യു എ ഇ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും അധികൃതരും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അ ദ്ദേഹം. ശരിയായ നായകര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.

ഇന്നത്തെ തലമുറയുടെ ചിന്തകള്‍ക്കനുസരിച്ച് മുതിര്‍ന്നവര്‍ ഉയര്‍ന്നു ചിന്തിക്കണം. വ്യക്തിത്വത്തിന്റെ പൂര്‍ണതയാണ് ഗ്രേഡുകള്‍ക്കപ്പുറമെന്നും ലോകത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും സൂരി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഹോപ് ക്ലബ് വിദ്യാര്‍ഥികളുടെ പ്ലക്കാര്‍ഡുകള്‍ ശ്രദ്ധയില്‍പെട്ട അംബാസഡര്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനാവുകയും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. കെ.ജി യിലെ കുരുന്നുകള്‍ റോസാപൂക്കള്‍ നല്‍കിയാണ് അംബാസഡറെ സ്‌കൂളിലേക്ക് വരവേറ്റത്.

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളുടെ ബാന്റ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്റ്റേജിലേക്കാനയിച്ചു. ചടങ്ങില്‍ അഡ്വ. വൈ എ റഹീം അധ്യക്ഷതവഹിച്ചു. പ്രമോദ് മഹാജന്‍, ആന്റണി ജോസഫ് സംസാരിച്ചു. ദിനേശ് കുമാര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ (പാസ്‌പോര്‍ട്ട്) പ്രേം ചന്ദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബിജു സോമന്‍ സ്വാഗതവും വി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആസ്ഥാനവും അംബാസഡര്‍ സന്ദര്‍ശിച്ചു.