നോട്ടു അസാധുവാക്കല്‍: തിക്തഫലങ്ങള്‍ നേരിട്ടത് പാവങ്ങളും ദുര്‍ബലരുമെന്ന് മുഖ്യമന്ത്രി

Posted on: September 11, 2017 8:15 pm | Last updated: September 11, 2017 at 8:15 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചത് പാവപ്പെട്ട ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താല്‍കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാര്‍ഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിച്ചവരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുനിന്ന് തനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങള്‍ അവരുടെ തൊഴിലിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാണ്. ഐടി മേഖല താഴേക്കുപോയി. ടൂറിസം മേഖയെ ബാധിച്ചു. ടാക്‌സി െ്രെഡവര്‍മാരുള്‍പ്പെടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവര്‍ ബുദ്ധിമുട്ടിലായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

DEMONETISATION (നോട്ടുനിരോധനം} എന്ന പദം കഴിഞ്ഞ നവംബർ 8-ന് മുമ്പ് എത്ര പേർക്ക് അറിയാമായിരുന്നു ?!? അതുവരെ സാമ്പത്തിക വിദഗ്ധർ, ബാങ്കിംഗ് മേഖലയിലുളളവർ, നിയമജ്ഞർ എന്നിവരും അതുമായി ബന്ധപ്പെട്ടവരും മാത്രം മനസ്സിലാക്കിയ പദമാണത്. ഈ പദത്തിന്റെ അർത്ഥമറിയാത്തവരും ഈ പദം വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ആണ് ഇതിന്റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

നോട്ടുനിരോധനത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പറയാൻ ഞാനൊരു സാമ്പത്തിക വിദഗ്ധനോ ബാങ്കറോ അല്ല. നോട്ടുനിരോധനത്തിന്റെ ചെലവ്, ഇത് കാരണം ക്യൂ നിന്ന് മരിച്ചവർ, പുതിയ നോട്ടടിക്കാൻ ആർബിഐക്കുണ്ടായ ചെലവ് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരും അല്ലാത്തവരും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലൂടെയും പങ്ക് വച്ചിട്ടുണ്ട്. സത്യത്തിൽ പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിച്ചത്. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാർഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്റെ ദുരിതം കൂടുതൽ അനുഭവിച്ചവരാണ്.

പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുനിന്ന് എനിക്ക് ധാരാളം കത്തുകൾ കിട്ടുന്നുണ്ട്. യുവജനങ്ങൾ അവരുടെ തൊഴിലിനെക്കുറിച്ച് ഉൽക്കണ്ഠാകുലരാണ്. ഐടി മേഖല താഴേക്കുപോയി. ടൂറിസം മേഖയെ ബാധിച്ചു. ടാക്സി ഡ്രൈവർമാരുൾപ്പെടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവർ ബുദ്ധിമുട്ടിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കമുളളവരും നോട്ടുനിരോധനം മൂലമുളള മാന്ദ്യം അനുഭവിക്കുന്നില്ലേ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെ, അല്ലെങ്കിൽ അന്ധരായ അനുയായികൾ വരച്ചുകാട്ടുന്നതുപോലെ എല്ലാം ശോഭനമാണോ. ഞാൻ അങ്ങനെ കരുതുന്നില്ല.

പ്രവാസികളുടെ വരുമാനവും സർക്കാർ ജോലിയും ഔപചാരികമായ തൊഴിലും ആശ്രയിച്ചാണ് ബഹുഭൂരിഭാഗംപേരും കേരളത്തിൽ ജീവിക്കുന്നത്. ഇങ്ങനെയുളള കേരളം പോലും നോട്ടുനിരോധനത്തിന്റെ ദോഷഫലം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും മോശമായിരിക്കും. പാവങ്ങളും ദുർബലരുമാണ് ഇതിന് കൂടുതൽ ഇരയായതെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്.

കാണാത്ത ഭാവിയിൽ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്നം നമുക്ക് നേരിടാനാവില്ല. ഓക്സിജൻ ഇപ്പോഴാണ് ആവശ്യം. സംഭവിച്ചെതെല്ലാം മറിച്ചാക്കാൻ കഴിയില്ലല്ലോ.

ഇത്തരത്തിലുളള കടുത്ത നടപടി എടുക്കും മുമ്പ് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ആലോചിച്ചില്ല. ഇനിയെങ്കിലും പ്രധാനമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിച്ച് ഈ പ്രശ്നങ്ങൾ വിലയിരുത്താൻ തയ്യാറാകണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ചെറുകിട കൃഷിക്കാരുടെയും കച്ചവടക്കാരുടെയും അസംഘടിത മേഖലിയിൽ പണിയെടുക്കുന്നവരുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മറ്റ് ദുരിതമനുഭവിക്കുന്നവരുടെയും നില മെച്ചപ്പെടുത്തുന്നതിന് കർമ പദ്ധതിയുണ്ടാക്കണം.

ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മാറ്റുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വയോജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം ആവശ്യമായ സഹായവും പിന്തുണയും നൽകണം.