Connect with us

National

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ചില അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. റയാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് തോമസും മറ്റ് ചില അധ്യാപകരുമാണ് അറസ്റ്റിലായത്. സ്‌കൂളില്‍ സുരക്ഷാ പിഴവുകള്‍ ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരേയും നേരത്തെ, സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വെവ്വേറെ ശൗചാലയങ്ങള്‍ ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ശൗചാലയങ്ങള്‍ തന്നെയാണ് ജീവനക്കാരും ഉപയോഗിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ഏഴ് വയസ്സുകാരനെ കഴുത്തറുത്ത നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് വാരാന്തയിലേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Latest