Connect with us

Kerala

അപൂര്‍വ കൃതികളുമായി മാപ്പിള സാഹിത്യ മേഖലയില്‍ യുവാവ് ശ്രദ്ധേയനാകുന്നു

Published

|

Last Updated

മലപ്പുറം: മാപ്പിള സാഹിത്യ ശാഖക്ക് പ്രതീക്ഷ നല്‍കി പുന്നത്ത് അശ്‌റഫ് സഖാഫിയുടെ അപൂര്‍വ ശേഖരം. ഇസ്‌ലാമിക ചരിത്രങ്ങളുടെ പുനര്‍ വായനകളായ മാപ്പിളപ്പാട്ടുകളുടെ ശേഖരണവുമായി ശ്രദ്ധേയനാവുകയാണ് ഈ യുവാവ്. കേരളത്തിലുടനീളം പാടിപ്പറഞ്ഞിരുന്ന കിസ്സപ്പാട്ടുകള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, മൗലിദുകള്‍ തുടങ്ങിയവയുടെ ലഭ്യതയും സൂക്ഷിപ്പും അവതാളത്തിലായത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തുകാരന്‍. 11 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയിട്ട്. ചെറുപ്പം മുതലേ മാതാവില്‍ നിന്ന് കേട്ട ബദ്ര്‍ കിസ്സപ്പാട്ടിന്റെ ഈരടികളാണ് ഈ രംഗത്തേക്കുള്ള കടന്നുവരവിന് പ്രചോദനമായത്.

ഇദ്ദേഹം നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 90 കിസ്സപ്പാട്ടുകള്‍, 60ലധികം മാലപ്പാട്ടുകള്‍, തര്‍ജമകള്‍ തുടങ്ങി 200 ഓളം അറബി മലയാള ഗദ്യ- പദ്യ സമാഹരണങ്ങള്‍ ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്. മണ്ടാളം മാല കിസ്സപ്പാട്ട്, ഹദ്ധടി കിസ്സപ്പാട്ട്, കിസ്സത്തുശ്ശംഊന്‍, അഖീദത്ത് മാല, ഹാറൂത്ത് മാറൂത്ത് കിസ്സപ്പാട്ട്, പുതിയ നിക്കാഹ് മാല, ബദ്ര്‍ യുദ്ധം എന്ന ഒപ്പനപ്പാട്ട്, ഫള്‌ലു ബ്‌നു അബ്ബാസ് എന്നവരുടെ കെസ്സ്, മാന്‍ പാട്ട്- മീന്‍ പാട്ട്, ലൗകിക മഹാത്ഭുത മാല, സഭാലങ്കാര സംഗീതം തുടങ്ങി നിരവധി സാഹിത്യകാരന്മാരുടെ രചനകള്‍ ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്.
മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കറാമത്ത് മാല ഉള്‍പ്പടെ ലഭ്യമല്ലാത്ത അപൂര്‍വയിനം കൃതികളും കൈവശമുണ്ട്. ഈസാ നബിയുടെ കിസ്സപ്പാട്ട്, സഅദ് (റ) കിസ്സപ്പാട്ട്, ഖാദിയാനിസത്തിനെതിരെയുള്ള കിസ്സപ്പാട്ട്, ലോക നീതി മാല തുടങ്ങി നിരവധി കിസ്സപ്പാട്ടുകളും മാലപ്പാട്ടുകളും സൂക്ഷിച്ച് തന്റെ ഗവേഷണവും അന്വേഷണവും പുതിയ തലമുറക്ക് പഠിപ്പിക്കാനും ഇദ്ദേഹം ഒരുക്കമാണ്.
നല്ല മാപ്പിളപ്പാട്ട് ഗവേഷകനുള്ള ഇശാറ കലാ സംഘം അവാര്‍ഡും കഴിഞ്ഞ ദിവസം അശ്‌റഫ് സഖാഫിയെ തേടിയെത്തി. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുരുനാഥനായ കാവനൂര്‍ അലവിക്കുട്ടി സഅദിയുടെ പ്രചോദനവും ഈ മേഖലയിലേക്കുള്ള കടന്നുവരവിന് തുണയായി. പരുവള്ളൂര്‍ വലക്കണ്ടിയില്‍ പെരിങ്കല്ലീരി അബൂബക്കര്‍- നഫീസ ദമ്പതികളുടെ മകനാണ്.

---- facebook comment plugin here -----

Latest