വിദ്യാഭ്യാസ അവകാശ നിയമം: മൂന്ന് കി.മീ. പരിധിയില്‍ സ്‌കൂള്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി

Posted on: September 10, 2017 11:43 pm | Last updated: September 11, 2017 at 9:24 am

ന്യൂഡല്‍ഹി: പത്ത്- പതിനാല് വയസ്സുള്ള കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ മൂന്നോ അതിലധികമോ കിലോമീറ്റര്‍ നടക്കേണ്ടിവരുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് സുപ്രീം കോടതി. ഈ ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ ഉണ്ടായാല്‍ മാത്രമേ ഭരണഘടനയുടെ 21 എ വകുപ്പ് പ്രകാരമുള്ള വിദ്യാഭ്യാസ അവകാശ നിയമം അര്‍ഥവത്താകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മലപ്പുറം പാലത്തിങ്ങല്‍ എം എല്‍ പി സ്‌കൂളിനെ യു പിയായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമീപത്തെ മറ്റൊരു സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റെ സുപ്രധാന വിധി.

2015 ജൂണില്‍ പരപ്പനങ്ങാടിയിലെ പാലത്തിങ്ങല്‍ എം എല്‍ പി സ്‌കൂള്‍ യു പിയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമീപത്തെ മറ്റൊരു സ്‌കൂള്‍ അന്ന് ഹൈക്കോടതിയെ സമീപിച്ചു. കേരള വിദ്യാഭ്യാസ ചട്ടത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തതെന്നായിരുന്നു ഈ സ്‌കൂളിന്റെ വാദം. ഇത് അംഗീകരിച്ച ഹൈക്കോടതി സ്‌കൂളിന്റെ ഗ്രേഡ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. അതേസമയം, പാലത്തിങ്ങല്‍ സ്‌കൂളില്‍ പുതുതായി അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ആ അധ്യയന വര്‍ഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് പരപ്പനങ്ങാടി എല്‍ പി സ്‌കൂള്‍ ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും വാദം തള്ളി. തുടര്‍ന്നാണ് പാലത്തിങ്ങല്‍ സ്‌കൂള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസ ചട്ടത്തിലെ ചില വകുപ്പുകളില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ബോധപൂര്‍വം തന്നെയാണ് സ്‌കൂളിനെ യു പിയായി ഉയര്‍ത്തിയതെന്ന് വാദിഭാഗം അഭിഭാഷകന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.

ഈ വാദം അംഗീകരിച്ച സുപ്രീം കോടതി, മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു യു പി സ്‌കൂള്‍ ഇല്ലെങ്കില്‍ പ്രൈമറി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിധിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കുകയും സര്‍ക്കാര്‍ ഉത്തരവ് പുനഃസ്ഥാപിക്കുകയും ചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി. ഹരജി നല്‍കിയ സ്‌കൂളിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സ്‌കൂളുകള്‍ നിലവിലില്ലെന്നതും കെ ഇ ആര്‍ ചട്ടങ്ങളില്‍ സര്‍ക്കാറിന് ഇളവ് നല്‍കാന്‍ വകുപ്പുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന സ്‌കൂളുകളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചുരുങ്ങിയത് ഒരു യു പി സ്‌കൂളെങ്കിലും വേണ്ടിവരുമെന്നാണ് സുപ്രീം കോടതി വിധിയോടെ വ്യക്തമാകുന്നത്.