ദിലീപിന് അനുകൂലമായി പ്രസ്താവന; ഗണേഷിനെതിരെ അന്വേഷണ സംഘം കോടതിയില്‍

Posted on: September 9, 2017 10:28 am | Last updated: September 9, 2017 at 12:24 pm

കൊച്ചി:

യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി പ്രസ്താവന നടത്തിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് എതിരെ അന്വേഷണ സംഘം കോടതിയില്‍. സാക്ഷികളെ സ്വാധീനിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും കേസ് പരിഗണിക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

കോടതി കുറ്റവാളിയെന്ന് കണ്ടെത്തുംവരെ താന്‍ ദിലീപിനെ തള്ളിപ്പറയില്ലെന്നും നല്ല കാലത്ത് അദ്ദേഹത്തിന്റെ ഔദാര്യം പറ്റി നടന്നവരാണ് ഇപ്പോള്‍ കുറ്റം പറയുന്നതെന്നുമായിരുന്നു ഗണേഷിന്റെ പ്രസ്താവന. സിനിമാ മേഖലയിലുള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആലുവ സബ്ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമാണ് ഗണേഷ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചത്.