കവിതയില്‍ ബ്ലൂവെയില്‍ ഗെയിം മുതല്‍ ഫ്രീക്കന്‍ വേഷങ്ങള്‍ വരെ

Posted on: September 9, 2017 12:26 am | Last updated: September 9, 2017 at 12:29 am

ഖാദിസിയ്യ: ‘മരണത്തിന് കെടുത്തിക്കളയാനാകാത്ത ആസക്തി’ വിഷയമാക്കി നടന്ന ക്യാമ്പസ് വിഭാഗം കവിതാ രചനാ മത്സരത്തില്‍ മത്സരാര്‍ഥികള്‍ കുറിച്ചിട്ടത് ആധുനിക മനുഷ്യന്റെ ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും ഒടുവില്‍ അത് കൊണ്ടെത്തിക്കുന്ന അധഃപതനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ ആഴവും. നവകാലഘട്ടത്തിലെ യുവതലമുറയെ അടയാളപ്പെടുത്തുന്ന ഫ്രീക്കന്‍ വേഷങ്ങള്‍ വരെ മത്സരാര്‍ഥികളുടെ വരികളില്‍ പരാമര്‍ശ വിഷയമായി.

ലോകം വെട്ടിപ്പിടിക്കാന്‍ ഓടി നടന്ന് ഒടുവില്‍ ശൂന്യമായ കൈകളോടെ ലോകത്തോട് വിടപറഞ്ഞ രാജാക്കന്മാരുടെയും ഈ നശ്വര ലോകത്ത് നിന്ന് ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തെളിയിച്ച പ്രമുഖരുടെ ജീവിത- മരണ സന്ദര്‍ഭങ്ങള്‍ക്കും വരിയിലൂടെ ജീവന്‍ നല്‍കിയ യുവപ്രതിഭകള്‍ തങ്ങളുടെ ഭാവനകള്‍ക്ക് പേനത്തുമ്പിലൂടെ ആവിഷ്‌കാരം നല്‍കി. ഒപ്പം ജീവിതാസക്തിക്ക് മതവും അധികാരവും കരുത്തേകിയ ദുഷ്ടരുടെ അതിക്രമങ്ങള്‍ക്കിരയായി ജീവിതം വെടിയേണ്ടിവന്ന ഗൗരി ലങ്കേഷ് മുതല്‍ പന്‍സാരയും കല്‍ബുര്‍ഗിയും വരെ വിഷയമായി അവതരിപ്പിക്കപ്പെട്ടു.