സാഹിത്യോത്സവ് 17; ആദ്യഫലത്തില്‍ മലപ്പുറം ഈസ്റ്റ്

Posted on: September 9, 2017 12:22 am | Last updated: September 9, 2017 at 12:22 am

ഖാദിസിയ്യ: ഇരുപത്തിനാലാം സംസ്ഥാന സാഹിത്യോത്സവിലെ ആദ്യഫലവും തങ്ങളുടെ അക്കൗണ്ടിലാക്കി നിലവിലെ ജേതാക്കളായ മലപ്പുറം ഈസ്റ്റ് മുന്നേറ്റത്തിന്റെ ആദ്യസൂചനകള്‍ നല്‍കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ അടിക്കുറിപ്പ് രചനാ മത്സരത്തിന്റെ ഫലമാണ് ആദ്യദിനം നാല് മണിയോടെ പുറത്തുവന്നത്. ഇതില്‍ എ ഗ്രേഡോടെ എട്ട് പോയിന്റ്‌സ്വന്തമാക്കിയ മലപ്പുറം ഈസ്റ്റിലെ ടി വി മുഹമ്മദ് മിദ്‌ലാജാണ് മലപ്പുറത്തിന്റെ മേധാവിത്വം തുടരുമെന്ന സൂചനകള്‍ നല്‍കിയത്.

കണ്ണൂരിലെ ഹാഫിസ് തുലൈബും, ഇടുക്കിയിലെ അബ്ദുസ്സലാമും ആദ്യഫലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എന്നാല്‍, ജില്ല വിഭജിച്ചെങ്കിലും തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന രണ്ടാംഫലവും. ക്യാമ്പസ് വിഭാഗത്തിലെ കവിതാ മത്സരത്തില്‍ എ പ്ലസ് ഗ്രേഡോടെ ഒമ്പത് പോയിന്റുമായി മലപ്പുറം വെസ്റ്റ് ജില്ലയിലെ അബ്ദുല്‍ ബാരി ഒന്നാമതെത്തി. തിരൂര്‍ മലയാളം സര്‍വകലാശാല വിദ്യാര്‍ഥിയായ അബ്ദുല്‍ബാരിക്ക് പിറകിലായി പെരിന്തല്‍മണ്ണ അലിഗര്‍ ഓഫ്ക്യാമ്പസ് വിദ്യാര്‍ഥി മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ബശീറും, കണ്ണൂര്‍ ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥി കണ്ണൂര്‍ ജില്ലയിലെ ഹബീബും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.