Connect with us

International

ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധത്തിന് അമേരിക്കന്‍ നീക്കം

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധങ്ങള്‍ക്ക് അമേരിക്ക നീക്കം ആരംഭിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുന്നതും എണ്ണ ഇറക്കുമതി തടയുന്നതും ഉള്‍പ്പെടെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരിക്കുകയാണ്. പുതിയ ഉപരോധങ്ങളുമായി ബന്ധപ്പെട്ട കരട് പ്രമേയം അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതി അംഗങ്ങള്‍ക്ക് കൈമാറി. ഉത്തരകൊറിയ അടുത്തിടെ ആറാമത് ആണവ പരീക്ഷണം നടത്തിയിരുന്നു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് തങ്ങള്‍ നടത്തിയതെന്നും പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നും ഉത്തര കൊറിയ അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ ഉപരോധ നീക്കം.

എണ്ണയുടെയും എണ്ണ ഉത്പന്നങ്ങളുടെയും ഉത്തരകൊറിയയിലേക്കുള്ള ഇറക്കുമതിയും രാജ്യത്തുനിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഉത്തരകൊറിയന്‍ നേതാവായ കിം ജോംഗ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും ഇദ്ദേഹത്തെയും രാജ്യത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വിദേശയാത്രകള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ചൈന, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തരകൊറിയക്കാരായ ജോലിക്കാരെ തിരിച്ചയക്കണമെന്നും പ്രമേയത്തിലുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൗരന്മാരില്‍നിന്നും തുണിത്തരങ്ങളുടെ കയറ്റുമതിയില്‍നിന്നുമാണ് ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗം.
എന്നാല്‍ അമേരിക്കയുടെ പുതിയ ഉപരോധ നീക്കങ്ങളെ റഷ്യയും ചൈനയും എതിര്‍ത്തേക്കും. ഉത്തരകൊറിയയിലേക്ക് എണ്ണയും എണ്ണ ഉത്പന്നങ്ങളും കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ റഷ്യയും ചൈനയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിലവില്‍ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്ര സംഘടന കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ്, ആണവ പരീക്ഷണത്തിന്റെ പേരില്‍ അമേരിക്ക വീണ്ടും ഉത്തര കൊറിയക്കെതിരെ കരുക്കള്‍ നീക്കുന്നത്. ഉത്തര കൊറിയയുടെ കല്‍ക്കരി കയറ്റുമതി ഉള്‍പ്പെടെയുള്ളവക്ക് ആഗസ്റ്റ് ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Latest