Connect with us

International

കരീബിയന്‍ തീരത്ത് നാശം വിതച്ച് ഇര്‍മ കൊടുങ്കാറ്റ്; ബാര്‍ബുഡ ദ്വീപില്‍ 60 ശതമാനം പേര്‍ ഭവനരഹിതരായി

Published

|

Last Updated

ഇര്‍മ കൊടുങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ബാര്‍ബുഡ ദ്വീപില്‍ നിന്നുള്ള ആകാശ ദൃശ്യം

സാന്‍ഫ്രാന്‍സിസ്‌കോ: കരീബിയന്‍ ദ്വീപായ ബാര്‍ബുഡ ദ്വീപില്‍ ഇര്‍മ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. ദ്വീപിലെ ഭൂരിഭാഗം ആളുകളെയും ഇര്‍മ കൊടുങ്കാറ്റ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്യുവര്‍ട്ടോ റിക്കോയില്‍ ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ബാര്‍ബുഡ ദ്വീപില്‍ കനത്ത നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റ് യു എസിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ബാര്‍ബുഡ ദ്വീപിലെ 60 ശതമാനത്തോളം ആളുകള്‍ ഭവനരഹിതരായതായി ബാര്‍ബുഡ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വാര്‍ത്താമാധ്യമങ്ങളോട് വ്യക്തമാക്കി. ഇവരില്‍ പലരുടെയും വീടുകള്‍ പൂര്‍ണമായും തകരുകയോ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും ദ്വീപില്‍ ഹെലികോപ്ടറില്‍ നടത്തിയ സന്ദര്‍ശന ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്ന് വാര്‍ത്താവിതരണ സംവിധാനങ്ങളും റോഡുകളും ഭൂരിഭാഗവും തകര്‍ന്നുകിടക്കുകയാണ്. പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിശദീകരണം. കാറ്റ് ആഞ്ഞു വീശുന്നതിനിടെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് വയസ്സുകാരനായ കുട്ടി മരിച്ചു.