നിര്‍മാണം പൂര്‍ത്തിയായി: ലൂറെ അബുദാബി നവംബര്‍ 11ന് തുറക്കും

Posted on: September 7, 2017 7:18 pm | Last updated: September 8, 2017 at 12:43 pm

അബുദാബി: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനോദ സഞ്ചാരികളേയും ചരിത്രാനേഷികളേയും ആകര്‍ഷിക്കും വിധം തയ്യാറായ യൂണിവേഴ്‌സല്‍ മ്യൂസിയം ലൂറെ അബുദാബി നവംബര്‍ 11 ന് തുറക്കുമെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ ടൂറിസം ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 97,000 ചതുരശ്ര മീറ്ററില്‍ ഒരുക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്ന് മ്യൂസിയങ്ങളാണ് തുറക്കുക. 23 സ്ഥിരം ഗ്യാലറികള്‍ പ്രവര്‍ത്തിക്കുമെന്നും അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ഭാരവാഹികള്‍ അറിയിച്ചു. 2007 ല്‍ അബുദാബിയും ഫ്രാന്‍സും തമ്മില്‍ ഉണ്ടാക്കിയ ഉഭയകക്ഷിയുടെ ഭാഗമായി നിര്‍മിച്ചതാണ് മ്യൂസിയം. യു. എ ഇ സായുധ സേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മ്യൂസിയത്തിന്റെ ഉദ്ഘാടന വിവരം ട്വിറ്ററിലൂടെ അറിയിച്ചു. യു എ ഇയുടെ ആഗോള സാംസ്‌കാരിക സാന്നിധ്യമായ മ്യൂസിയത്തിന്റെ ഉദ്ഘാടനം നവ മാധ്യമങ്ങളിലൂടെയാണ് ശൈഖ് മുഹമ്മദ് ലോകത്തെ അറിയിച്ചത്.

ലൂവര്‍ അബുദാബി എന്ന പേരില്‍ സാദിയാത് ദ്വീപില്‍ കടലിന്റെയും മരുഭൂമിയുടെയും മധ്യേ നിര്‍മാണം പൂര്‍ത്തിയായ ഈ മ്യൂസിയം ഫ്രഞ്ച് വാസ്തു ശില്‍പിയായ ജീന്‍ നൂവലാണ് രൂപകല്‍പന ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലൂറെ അബുദാബി. യു എ ഇ യുടെ പരിസ്ഥിതിക്കു അനുയോജ്യമായ വിധ ത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വലയുടെ മാതൃകയിലുള്ള ഇതിന്റെ താഴികക്കുടം വെയിലിനെ തടയുകയും അതോടൊപ്പം പ്രകാശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂറെ അബുദാബിയിലെ ഈ വെളിച്ച വിതാനത്തെ വിശേഷിപ്പിക്കുന്നത്. പിക്കാസോയുടെ പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്റെ ചില്‍ഡ്രന്‍ റെസ്ലിംഗ്, പിയറ്റ് മോന്‍ഡ്രിയനിന്റെ പെയിന്റിംഗ് തുടങ്ങി അറുനൂറോളം ഇനങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശിപ്പിക്കുക.

മ്യൂസിയം തുറന്നു പ്രവത്തിക്കുന്നതിന്റെ ഭാഗമായി ഇവിടെ പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്ന അവസാനഘട്ടത്തിലാണ് മ്യൂസിയം അധികൃതര്‍. ആര്‍ട്ഗ്യാലറിക്ക്പുറമേ താല്‍ക്കാലിക പ്രദര്‍ശന സ്ഥലം, കുട്ടികളുടെ മ്യൂസിയം, 200 സീറ്റര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്, കഫേ, ചില്ലറ വില്‍പനശാലകള്‍ എന്നിവയും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്, സായുധ സേന അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് പ്രത്യേകം നിരക്കാക്കിയിരിക്കും എന്നാല്‍ 13 വയസ്‌വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായി രിക്കും.