ആ കോഫി ഇപ്പോള്‍ ഒരു നഷ്ടസ്വപ്‌നമായി അവശേഷിക്കുന്നു

കഴിഞ്ഞ 35 വര്‍ഷമായി ധീരമായ നിലപാടുകളുള്ള ഗൗരി എന്ന മാധ്യമപ്രവര്‍ത്തകയെ എനിക്കറിയാം. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ഒന്നും വിടാതെ അവര്‍ തുറന്നെഴുതി. സമീപകാലത്ത് വര്‍ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടുകള്‍ ഗൗരിയുടെ വാര്‍ത്തകളിലാണ് എനിക്ക് കാണാന്‍ സാധിച്ചത്. ഗൗരിയുടെ ബാബരി മസ്ജിദാനന്തര മാധ്യമപോരാട്ടം ഫാസിസ്റ്റ് ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത് എന്ന് ഈ കൊലപാതകവും തെളിയിക്കുന്നു. ഒരു കാര്യം ഞാന്‍ അടിവരയിട്ട് പറയാം. സമീപകാലത്ത് ഇത്രമേല്‍ ശക്തമായ നിലപാടുകളോടെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടിയ മറ്റൊരു ജേര്‍ണലിസ്റ്റ് കര്‍ണാടകയില്‍ ഇല്ല.
Posted on: September 7, 2017 6:01 am | Last updated: September 7, 2017 at 2:20 pm

ഈ വര്‍ഷം തുടക്കത്തില്‍ മെക്‌സിക്കോ നഗരത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഇസ്താംബൂളിലും ഉക്രൈനിലും പത്രപ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും വലിയ ഭാവഭേദമില്ലാതെ നമ്മുടെ സാധാരണജീവിതം മുന്നോട്ടുപോകും. എന്നാല്‍ നമ്മുടെ വീടിനടുത്ത്, നമ്മെ അറിയുന്ന, നാം സ്‌നേഹിക്കുന്ന, ചില വ്യക്തമായ നിലപാടുകളുള്ള ഒരു ജേണലിസ്റ്റ് വെടിയേറ്റുമരിക്കുമ്പോള്‍ ഉണ്ടാകുന്ന അതിഭയാനകരമായ ഒരവസ്ഥയുണ്ട്. അതാണ് ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ സ്വവസതിയില്‍ വെടിയേറ്റുമരിച്ച ഗൗരി ലങ്കേഷ് സൃഷ്ടിക്കുന്ന അസ്വസ്ഥത. ഹിന്ദുത്വ ഭീകരതക്കെതിരെയും വര്‍ഗീയധ്രുവീകരണത്തിനെതിരെയും ധീരമായി ശബ്ദിച്ച ലങ്കേഷ് പത്രികെ എഡിറ്ററും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് രാജ്യത്തെ മാധ്യമലോകവും ജനാധിപത്യ-ബഹുസ്വര സമൂഹവും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ധീരമായ നിലപാടുകളുള്ള ഗൗരി എന്ന മാധ്യമപ്രവര്‍ത്തകയെ എനിക്കറിയാം. ബംഗളൂരുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സണ്‍ഡേ-മിഡ് ഡേ പത്രത്തില്‍ വെച്ചാണ് അവരെ ഞാന്‍ ആദ്യമായി കാണുന്നത്. അന്ന് ഗൗരി ഒരു ജേണലിസ്റ്റ് ട്രെയ്‌നി ആയിരുന്നു. ആ സമയത്തും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നിരുന്ന പ്രതിഭയായിരുന്നു അവര്‍. പുതിയ വാര്‍ത്തകള്‍ കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും പ്രത്യേക താത്പര്യവും കഴിവും പ്രകടിപ്പിച്ചിരുന്ന ഒരു സാധാരണ മാധ്യമപ്രവര്‍ത്തകയില്‍ നിന്ന് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പത്രപ്രവര്‍ത്തകയിലേക്കുള്ള അവരുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വിവാഹശേഷം ഡല്‍ഹിയിലേക്ക് പോയ ഗൗരിയെ പലപ്പോഴും സന്ദര്‍ശിച്ചിരുന്നു. ആനുകാലികവിഷയങ്ങളായിരുന്നു മിക്കപ്പോഴും ഞങ്ങളുടെ ചര്‍ച്ചകളില്‍ കടന്നുവന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ ഗൗരി ലങ്കേഷ് ബംഗളൂരുവിലേക്ക് തിരിച്ചുവന്നു. ഗൗരിയുടെ സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തിലെ ടേണിംഗ് പോയിന്റ് അതായിരുന്നു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുണ്ടായ വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ ഒന്നും വിടാതെ അവര്‍ തുറന്നെഴുതി. സമീപകാലത്ത് വര്‍ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടുകള്‍ ഗൗരിയുടെ വാര്‍ത്തകളിലാണ് എനിക്ക് കാണാന്‍ സാധിച്ചത്. 2013-ല്‍ നരേന്ദ്ര ധഭോല്‍ക്കര്‍, 2015-ല്‍ ഗോവിന്ദ് പന്‍സാരെ, 2015-ല്‍ എം എം കല്‍ബുര്‍ഗി എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ അതേ കരങ്ങള്‍ തന്നെയാണ് തങ്ങളുടെ വര്‍ഗീയ നിലപാടുകളെ ചോദ്യം ചെയ്തു എന്ന കാരണത്താല്‍ ഗൗരി ലങ്കേഷിനെയും വകവരുത്തിയത്. ഗൗരിയുടെ ബാബരി മസ്ജിദാനന്തര മാധ്യമപോരാട്ടം ഫാസിസ്റ്റ് ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത് എന്ന് ഈ കൊലപാതകവും തെളിയിക്കുന്നു.
ന്യൂസ് റൂമില്‍ മാത്രമിരുന്ന് വര്‍ഗീയവിരുദ്ധ പോരാട്ടം നടത്തിയ മാധ്യമപ്രവര്‍ത്തകയായിരുന്നില്ല ഗൗരി ലങ്കേഷ്. ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെ നിരന്തരം എഴുതിയ അവര്‍ ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ സ്ഥാപകയും സംഘാടകയുമായിരുന്നു. പിതാവും ജേണലിസ്റ്റുമായിരുന്ന പി ലങ്കേഷിന്റെ ലങ്കേഷ് പത്രികെ രണ്ടായപ്പോള്‍ ഒരു പത്രം ഏറ്റെടുത്ത് നടത്താനും മുന്നില്‍ നിന്നത് ഗൗരിയായിരുന്നു. നിലപാടുകളിലെ ധീരതയായിരുന്നു അവരെ എന്നും വ്യത്യസ്തയാക്കിയത്. കര്‍ണാടകയുടെ ചില ഭാഗങ്ങളിലുള്ള നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വിഷയങ്ങളിലും അവര്‍ ഇടപെട്ടിരുന്നു. സര്‍ക്കാര്‍-നക്‌സല്‍ ചര്‍ച്ചകളില്‍ പലപ്പോഴും മധ്യസ്ഥത വഹിച്ചു. ആദിവാസികളുടെയും ഗോത്രവര്‍ഗങ്ങളുടെയും അവകാശസംരക്ഷണ പോരാട്ടങ്ങളിലും ഗൗരി മുന്നിലുണ്ടായിരുന്നു. ഇവരുടെ ശ്രമഫലമായി കര്‍ണാടകയിലെ ചില നക്‌സല്‍ പ്രസ്ഥാനങ്ങള്‍ സായുധപോരാട്ടം അവസാനിപ്പിച്ച് പൊതുരാഷ്ട്രീയത്തില്‍ സജീവമായി കടന്നുവരികയും ചെയ്തു. ബി ജെ പി, ആര്‍ എസ് എസ് ഉള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകളുടെ മനുഷ്യത്വവിരുദ്ധ-വര്‍ഗീയ അജന്‍ഡകള്‍ നിരന്തരം പൊളിച്ചെഴുതിയ ധീരവനിത കൂടിയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഗൗരിക്കുണ്ടായിരുന്ന ശത്രുക്കള്‍ നിരവധിയായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ വാചികമായ ആക്രമണങ്ങള്‍ക്ക് നടുവിലൂടെയാണ് ഈ പത്രപ്രവര്‍ത്തക വളര്‍ന്നുവന്നത്. പക്ഷേ, തന്റെ നിലപാടുകള്‍ മാറ്റാനോ മാധ്യമ രംഗം ഉപേക്ഷിക്കാനോ അവര്‍ സന്നദ്ധയായിരുന്നില്ല.
ഞങ്ങള്‍ ഫേസ്ബുക്കിലോ വാട്‌സ് ആപിലോ സുഹൃത്തുക്കളായിരുന്നില്ല. അത്തരം മാധ്യമങ്ങളുടെ ആവശ്യമില്ലാതെ തന്നെ ഞങ്ങള്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി പത്രങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അവര്‍ വിവിധ വിഷയങ്ങളില്‍ കൂടിയാലോചന നടത്താറുണ്ടായിരുന്നു. തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് തന്റെ എഴുത്തില്‍ കടന്നുവരുന്നതെന്ന് പലപ്പോഴും ഗൗരി പറഞ്ഞിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ ശ്രമഫലമായി അടുത്തിടെ അപകീര്‍ത്തി കേസുകള്‍ നേരിട്ടപ്പോള്‍ പോലും ഗൗരി ഒട്ടും പതറിയില്ല എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മതസസൗഹാര്‍ദവും പരസ്പര സ്‌നേഹവും രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ ആരെയും അനുവദിക്കരുത് എന്നായിരുന്നു ഗൗരിയുടെ എഴുത്തുകളില്‍ നിറഞ്ഞുനിന്നിരുന്നത്.
എം എം കല്‍ബുര്‍ഗി വധത്തെ ഏറ്റവും ശക്തമായി അപലപിക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്തവരില്‍ ഗൗരി ലങ്കേഷ് മുന്നിലുണ്ടായിരുന്നു. അതേ ദുരന്തത്തിന് താനും ഒരു നാള്‍ ഇരയാകുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചുകാണില്ല. മധ്യവര്‍ഗ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജരാജേശ്വരി നഗറിലെ അവരുടെ വസതിക്ക് മുമ്പില്‍ വെച്ച് സായുധരായ മൂന്ന് പേര്‍ അവരെ വധിച്ചിരിക്കുന്നു.
ഒരു കാര്യം ഞാന്‍ അടിവരയിട്ട് പറയാം. സമീപകാലത്ത് ഇത്രമേല്‍ ശക്തമായ നിലപാടുകളോടെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടിയ മറ്റൊരു ജേര്‍ണലിസ്റ്റ് കര്‍ണാടകയില്‍ ഇല്ല. ഗുജറാത്ത് കലാപത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് എഴുതിയ ഗുജറാത്ത് ഫയലുകള്‍ എന്ന കൃതി പ്രകാശനം ചെയ്ത വേദിയില്‍ വെച്ചാണ് ഗൗരിയെ ഞാന്‍ അവസാനമായി കാണുന്നത്. ഒരു കോഫി കുടിച്ച് ആനുകാലിക വിഷയങ്ങള്‍ സംസാരിച്ചിട്ട് കുറേ നാളായി എന്നും ഉടന്‍ ഒത്തുകൂടണമെന്നും അന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു. ആ കോഫി ഇപ്പോള്‍ ഒരു നഷ്ടസ്വപ്‌നമായി അവശേഷിച്ചിരിക്കുന്നു.
(ബംഗളുരുവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് കെ എസ് ദക്ഷിണ മൂര്‍ത്തി. അല്‍-ജസീറ, ദി ഹിന്ദു, ഔട്ട്‌ലുക്ക്, ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു.)

വിവ: യാസര്‍ അറഫാത്ത് നൂറാനി
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്