Connect with us

Kerala

വികാരഭരിതനായി ദിലീപ്; പത്ത് മിനുട്ട് മുമ്പേ ജയിലിലേക്ക് മടങ്ങി

Published

|

Last Updated

പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ നടന്‍ ദിലീപ് കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നതിനിടെ വികാരഭരിതനായി. നടിയെ ആക്രമിച്ച കേസില്‍ 58 ദിവസമായി ആലുവ സബ് ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ വാദത്തെ തള്ളി അങ്കമാലി കോടതി ദിലീപിന് പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

പിതാവിന് ബലിയിട്ടതിന് ശേഷം കുടുംബാംഗങ്ങളുമായി ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ച ദിലീപ് കോടതി അനുവദിച്ചതിലും പത്ത് മിനുട്ട് മുമ്പേ ജയിലിലേക്ക് മടങ്ങി. ജയിലില്‍ പലപ്പോഴും ക്ഷീണിതനായാണ് ദിലീപിനെ കാണപ്പെടാറെങ്കില്‍ താത്കാലിക പരോള്‍ അനുവദിച്ച ഇന്നലെ രാവിലെ ഉത്സാഹഭരിതനായിരുന്നു അദ്ദേഹം. രാവിലെ എട്ടോടെ ആലുവ ഡി വൈ എസ് പി. പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലിലെത്തി ദിലീപിനെ പുറത്തിറക്കി. നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചാണ് ദിലീപ് പുറത്തിറങ്ങിയത്. 8.05ഓടെ കനത്ത പോലീസ് സുരക്ഷയില്‍ ജയില്‍ കവാടത്തിന് മുന്നില്‍ പോലീസ് ജീപ്പില്‍ കയറ്റി ഒന്നര കിലോമീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ ആലുവ നദീതീരത്തുള്ള “പത്മസരോവരം” എന്ന വീട്ടിലെത്തിച്ചു. ദിലീപിന്റെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരക്കടവ് റോഡ് രാവിലെ മുതല്‍ പോലീസ് നിയന്ത്രണത്തിലായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മാത്രമേ കടത്തിവിട്ടിരുന്നുള്ളൂ.

8.15ന് വീടിനകത്ത് കയറിയ ദിലീപ് 8.30 ഓടെ വെള്ള മുണ്ടും മേല്‍ മുണ്ടും ധരിച്ച് ബലിയിടല്‍ ചടങ്ങിനായി പുറത്തേക്ക് വന്നു. വീടിന്റെ കിഴക്ക് വശത്ത് വെച്ചാണ് പിതാവിന്റെ ശ്രാദ്ധ ചടങ്ങുകളും ബലിയിടലും നടന്നത്. ഒമ്പത് മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ കയറിയ ദിലീപ് വീട്ടുകാരോടൊത്ത് പ്രഭാത ഭക്ഷണം കഴിച്ചു. അമ്മ സരോജം, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, സഹോദരന്‍ അനൂപ്, സഹോദരി സബിത എന്നിവരെല്ലാം ചേര്‍ന്ന് ദിലീപിന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് നല്‍കിയത്. 9.40ഓടെ വികാര നിര്‍ഭരമായ യാത്രയയപ്പ്.
ദിലീപ് അമ്മയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ഇതോടെ കൂടെയുള്ളവരുടെയെല്ലാം കണ്ണ് നിറഞ്ഞു. തുടര്‍ന്ന് കാവ്യയുമായി അല്‍പ്പം സംസാരം. മകള്‍ മീനാക്ഷിയെ തലോടി സ്‌നേഹ പ്രകടനം. വികാരം കത്തിക്കയറിയപ്പോള്‍ കോടതി അനുവദിച്ചതിലും പത്ത് മിനുട്ട് മുമ്പേ വീട്ടില്‍ നിന്നിറങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച അതേ വേഷത്തില്‍. 9.40ഓടെ പോലീസ് ജിപ്പില്‍ തിരികെ കയറുന്നതിന് മുമ്പും അമ്മ ദിലീപിനെ വാരിപ്പുണര്‍ന്ന് കെട്ടിപ്പിടിച്ചു. പിന്നാലെ സഹോദരനും സഹോദരിയും. 9.50 ഓടെ ദിലീപിനെയും വഹിച്ച് ആലുവ സബ് ജയിലില്‍ പോലീസ് ജീപ്പ് തിരികെയെത്തി.

നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. ജൂലൈ 17ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ജൂലൈ 24, ആഗസ്റ്റ് 29 തീയതികളില്‍ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അതിനിടെ, കേസിലെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഈ മാസം 16 വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്.

Latest