ഗൗരി ലങ്കേഷ് വധം: കേന്ദ്രം കര്‍ണാടകയോട് റിപ്പോര്‍ട്ട് തേടി; ബിജെപിക്ക് പങ്കില്ലെന്ന് ഗാഡ്കരി

Posted on: September 6, 2017 3:27 pm | Last updated: September 7, 2017 at 1:26 am

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തോട് വിശദീകരണം തേടി. കര്‍ണാടക ചീഫ് സെക്രട്ടറിയോടാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍, ബിജെപിക്കോ പോഷക സംഘടനകള്‍ക്കോ പങ്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു. കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതുകൊണ്ട് പ്രതികളെ ഉടന്‍ പിടികൂടേണ്ട ബാധ്യത കര്‍ണാടക സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉടന്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടു. ആതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.