Connect with us

Kerala

വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം

Published

|

Last Updated

കല്‍പ്പറ്റ: ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും വയനാട് ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്.

പതിനായിരക്കണക്കിന് ആളുകളാണ് വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ജില്ലയില്‍ കുടുംബമായും സംഘങ്ങളായും എത്തിയത്. വയനാടിന് പുറമെ ഗൂഡല്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് മടങ്ങാനെത്തിയവരാണ് അധികവും. അടുത്തടുത്ത ദിവസങ്ങളില്‍ കിട്ടിയ അവധി പരമാവധി പ്രയോജനപ്പെടുത്തുകയാണ് വിനോദ സഞ്ചാരികള്‍. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ജില്ലയിലെ റോഡുകളില്‍ നിറഞ്ഞതോടെ വലിയ ഗതാഗത കുരുക്കാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടാകുന്നത്. ഗതാഗതക്കുരുക്കില്‍ പെടുമെന്നുറപ്പുള്ളതിനാല്‍ മിക്കവരും സ്വന്തം വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെയാണ് കൂടുതലായും ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗര്‍, മീന്‍മുട്ടി വെള്ളച്ചാട്ടം, കര്‍ളാട് ചിറ, കാരാപ്പുഴ ഡാം, കുറുവാ ദ്വീപ്, പക്ഷിപാതാളം, എടക്കല്‍ ഗുഹ തുടങ്ങിയ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇതിനോടകം പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലഭിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളില്‍ വരെ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളുമെല്ലാം മാസങ്ങള്‍ക്ക് മുന്‍പുതന്നെ ബുക്ക് ചെയ്താണ് ആളുകള്‍ ജില്ലയില്‍ എത്തിയത്. നിരവധി ആളുകളാണ് താമസ സ്ഥലം ലഭിക്കാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോയത്. പോലീസും വാഹന പരിശോധനകള്‍ കര്‍ശനമായി നടത്തുന്നുണ്ട്. ചെക്കുപോസ്റ്റുകളില്‍ നടന്ന വാഹന പരിശോധനകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ പിടിക്കുകയുണ്ടായി.

വളരെയേറെ പ്രയത്‌നിച്ചാണ് പോലീസ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നത്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പോലീസിനെ വിന്യസിച്ചത് ക്രമസമാധാനപാലനത്തിനും വലിയ ഗുണം ചെയ്തു. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അനുവദനീയമായ വാഹന പാര്‍ക്കിംഗിനെക്കാള്‍ വന്‍തോതില്‍ വാഹനങ്ങള്‍ വന്നതിനാല്‍ റോഡുകളില്‍ കിലോമീറ്ററുകള്‍ നീണ്ട വാഹനനിര കാണാം. ഇത് ചെറിയതോതില്‍ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്്. ചുരത്തിലെ വ്യൂ പോയന്റുകള്‍ കാണാന്‍ ധാരാളമായി വാഹനങ്ങള്‍ നിര്‍ത്തും. രാത്രിയിലാണ് വ്യൂപോയന്റുകളുടെ ഭംഗി ആസ്വദിക്കാന്‍ വാഹനങ്ങള്‍ ക്രമമില്ലാതെ നിര്‍ത്തിയിട്ടിരുന്നത്. ഇത് രാത്രികാലങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കുകള്‍ക്ക്് കാരണമായിരുന്നു.

ദീര്‍ഘദൂര യാത്രക്കാരും ആംബുലന്‍സുകളും ചുരത്തില്‍ കുടുങ്ങുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് വാഹനങ്ങളുടെ പാര്‍ക്കിംഗിന് കര്‍ശന നിയത്രണമേര്‍പ്പെടുത്തിയത് വന്‍ഗതാഗത കുരുക്ക്്് പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.