Connect with us

Articles

എന്തു കൊണ്ട് ജയരാജന്‍?

Published

|

Last Updated

മലബാറിന്റെ സമീപ ജില്ലകളില്‍ നിന്നുപോലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ എന്നും കണ്ണൂരിന് ചില വ്യതിരിക്തതകള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ രക്തം കൊണ്ട് ചുവപ്പിച്ചതാണ് കണ്ണൂരിന്റെ ചരിത്രം.

കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, കാവുമ്പായി, മുനയന്‍കുന്ന്, മൊറാഴ തുടങ്ങി സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെയും ജന്മിവിരുദ്ധ സമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും പട്ടിക നീളും. അധഃസ്ഥിതരുടെയും തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും പുഴുവിനെപ്പോലെ കഴിഞ്ഞിരുന്ന പല മനുഷ്യര്‍ക്കും തലപൊക്കി നടക്കാനുള്ള അവസരമൊരുക്കാനും മുന്നിട്ടിറങ്ങിയ എ കെ ഗോപാലന്‍ മുതല്‍ക്കുള്ള നേതാക്കന്‍മാരുടെ നാടെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ തങ്ങളുടെ ഇടം തേടി ഈ പ്രസ്ഥാനത്തിലേക്ക് എങ്ങനെയാണ് ഒഴുകിയെത്തിയതെന്നറിയാന്‍ അധികം തിരിഞ്ഞു നടക്കേണ്ടി വരില്ല.

എന്നാല്‍, സമൂഹത്തിന്റെ സമീപ ഭൂതകാലത്തിലെ വര്‍ണാഭമായ നവോത്ഥാന യത്‌നങ്ങളെപ്പോലും ബോധപൂര്‍വം വിസ്മരിക്കാനും കണ്ണൂരിനു മാത്രം എന്തു പ്രത്യേകതയാണുള്ളതെന്ന് ആക്ഷേപിച്ച് ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്താനും അന്നും ഇന്നും ആരൊക്കെയോ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ ചിലപ്പോഴൊക്കെ വിജയം കാണുമ്പോഴാണ് പണ്ട് നാം ഭയന്നിരുന്ന ഫാസിസ്റ്റ് ഭൂതത്തിന്റെ നിഴലിനടിയിലേക്ക് കണ്ണൂരു പോലും നാമറിയാതെ നീങ്ങുന്നത്. ഇടതുപക്ഷ ആശയങ്ങളെ ഇന്ത്യയില്‍ പലേടത്തു നിന്നും പറിച്ചെടുത്തു കളയാന്‍ ശ്രമിച്ച ചിലരെല്ലാം രാജ്യത്ത് എത്രയോ ചെറുതായ കേരളത്തെയും അതിലും ചെറുതായ കണ്ണൂരിനെയും നോട്ടമിടുന്നുണ്ടെന്ന് ചില ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി ആരങ്കിലും പറഞ്ഞാല്‍ അത് അങ്ങനെ എളുപ്പം തള്ളിക്കളയാനുമാകില്ല. പിണറായി വിജയനടക്കമുള്ള കണ്ണൂരിലെ സി പി എം നേതാക്കള്‍ക്ക് ഇത്തരം രാഷ്ട്രീയ സംഘങ്ങളില്‍ നിന്ന് പലപ്പോഴും പഴി കേള്‍ക്കേണ്ടിവന്നിരുന്നതും ഇപ്പോഴും നിരന്തരം വിമര്‍ശങ്ങള്‍ ഉയരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടിവരും. മറ്റൊരു ശക്തിക്കും പടര്‍ന്നു കയറാനാകാത്തവിധം പാര്‍ട്ടിയെ എപ്പോഴും ഉറപ്പിച്ചു നിര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തന രീതിയുള്ള നേതാക്കന്മാര്‍ക്കാണ് എക്കാലത്തും എതിരാളികളില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനായിരിക്കും ഒരു പക്ഷെ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിയോഗികളുടെ നിരന്തര വിമര്‍ശം നേരിടേണ്ടിവന്ന നേതാക്കളില്‍ ഒരാള്‍. എന്തു കൊണ്ട് ജയരാജന് നേരെ നിരന്തരം വിമര്‍ശങ്ങള്‍ ഉയരുന്നുവെന്നതിന് കാരണങ്ങള്‍ ചികയാന്‍ അധികം മിനക്കെടേണ്ടി വരില്ല. കേരളത്തില്‍ ഒരിടത്തുമില്ലാത്ത വിധത്തില്‍ ജനകീയമായി കണ്ണൂരിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി ഉറപ്പിച്ചു നിര്‍ത്തുന്നുവെന്ന ഒറ്റ കാരണം മതി എതിരാളികളുയര്‍ത്തുന്ന കുന്തമുന അദ്ദേഹത്തിന്റെ നേര്‍ക്ക് നീളുന്നതിന് എന്ന് അണികള്‍ ഒറ്റ സ്വരത്തില്‍ പറയും. അറുപതുകളുടെ അവസാനം മുതല്‍ സംഘ്പരിവാര്‍ ലക്ഷ്യം വെച്ച കണ്ണൂരിനെ, ഒരിളക്കവും തട്ടാത്ത രീതിയില്‍ ഇങ്ങനെ സി പി എം കോട്ടയായി തന്നെ നിര്‍ത്താന്‍ ജയരാജന്റെ നേതൃപാടവത്തിന് കഴിയുന്നുവെന്ന് പാര്‍ട്ടിക്കാര്‍ ആവേശം കൊള്ളുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മണ്ണ് എന്ന പ്രചാരണത്തിനിടയിലും കണ്ണൂരില്‍ പാര്‍ട്ടിയുടെ ജനകീയത കൂട്ടാന്‍ ജയരാജന് കഴിഞ്ഞുവെന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

ജയരാജന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതു മുതല്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് പുതിയ മുഖമാണ് നല്‍കിയത്. കേരളത്തില്‍ ഒരിടത്തും പാര്‍ട്ടിക്ക് ഇതു വരെ കൊണ്ടു വരാന്‍ കഴിയാതിരുന്ന സാന്ത്വന പരിചരണ സംഘടനക്കു രൂപം നല്‍കിയെന്നതാണ് ഏറ്റവും പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പറഞ്ഞാല്‍ പലരും അതിശയിച്ചു പോകും. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആശ്രയവും പ്രതീക്ഷയും നല്‍കുന്ന സാന്ത്വന പ്രവര്‍ത്തന രീതി എതിര്‍പാളയത്തിലുള്ളവര്‍ പോലും രഹസ്യമായി സമ്മതിക്കും. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ ജനങ്ങളോട് ചേര്‍ന്നു നിന്നുള്ള ഈ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഇതുപോലെ ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ മറ്റെവിടെയും കാണാനാകില്ലെന്ന് സമ്മതിച്ചേ മതിയാകൂ. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ യോഗയും കരാട്ടെയും കളരി പരിശീലനവുമെല്ലാം കണ്ണൂരിലെ പാര്‍ട്ടിയില്‍ യുവത്വത്തിന്റെ ശക്തി കൂട്ടി. നല്ലതാണെന്നറിഞ്ഞിട്ടും നടപ്പാക്കാന്‍ പലരും മടി കാട്ടിയ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ആദ്യമായി ആര്‍ജവം കാട്ടി. സംഘ്പരിവാറില്‍ നിന്നു പോലും ആളുകളെ സി പി എമ്മിലേക്കു കൊണ്ടുവരാനുള്ള പുതിയ രസതന്ത്രങ്ങളും ജയരാജന്‍ മെനഞ്ഞു. ധൈര്യവും കാര്‍ക്കശ്യവും പക്വതയും സൗമ്യസമീപനങ്ങളും കൈമുതലാക്കി പാര്‍ട്ടി നിശ്ചയിച്ച കാര്യങ്ങള്‍ കടുകിടെ തെറ്റാതെ ജയരാജന്‍ നടപ്പാക്കി. സംഘ്പരിവാറിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിയുടെ പ്രതിഷേധം ജയരാജന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

 

മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട സംസ്ഥാനത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക് വരുന്നതെന്ന് തുടക്കത്തില്‍ തന്നെ തുറന്നടിച്ച് പറയാന്‍ സി പി എമ്മിനകത്തു നിന്ന് തയ്യാറായത് ജയരാജനാണ്. ബി ജെ പി ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണെന്ന് ഉത്തരേന്ത്യയിലെ ഓരോസംഭവങ്ങളെയും കോര്‍ത്തെടുത്ത് ജയരാജന്‍ ഉദാഹരിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ഘോഷയാത്രകള്‍ക്ക് സമാനമായി നവോത്ഥാന ജാഥകള്‍ക്ക് കണ്ണൂരില്‍ തുടക്കമിട്ടു. വിമര്‍ശങ്ങള്‍ പല കോണുകളില്‍ നിന്നുയര്‍ന്നെങ്കിലും ഒടുവില്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ വരെ അത് രഹസ്യമായി ശരിവെച്ചു. ജയരാജന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനെതിരെയുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആര്‍ എസ് എസും ജയരാജനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കാരണം സി പി എമ്മിന്റെ ബലം കണ്ണൂരില്‍ കൂടുന്നുവെന്നതാണെന്ന് നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

സി പി എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂരിലെ ജില്ലാ സെക്രട്ടറിയെന്നാല്‍ സംസ്ഥാന സെക്രട്ടറിയെപ്പോലെയാണ്. കണ്ണൂരിലെ പാര്‍ട്ടിയാണ് സംസ്ഥാനത്തെ പാര്‍ട്ടി. മാത്രവുമല്ല സി പി എം സംസ്ഥാന നേതാക്കളായി മാറിയവരെല്ലാം കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിമാരായിരുന്നു. അതു കൊണ്ട് തന്നെ സി പി എമ്മിന്റെ സെക്രട്ടറിയെ കുടുക്കിയാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം ചിലപ്പോഴൊക്കെ ശരിവെക്കേണ്ടതുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തുന്നതിന് സി പി എമ്മും ബി ജെ പിയും തമ്മില്‍ ഉഭയകക്ഷി ധാരണകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ വീണ്ടും മനോജ് കേസില്‍ സി ബി ഐയുടെ കുറ്റപത്രം വരുന്നത്. വീടിനുള്ളിലിട്ട് വെട്ടിനുറുക്കി ജീവനെടുക്കാന്‍ കഴിയാത്തതിന്റെ വിരോധം കേന്ദ്രഭരണവും സി ബി ഐയെയും ഉപയോഗിച്ച് തീര്‍ക്കുകയാണിപ്പോള്‍ ആര്‍ എസ് എസ് -ബി ജെ പി നേതൃത്വം ചെയ്യുന്നതെന്നാണ് ഇതിന് സി പി എമ്മിന്റെ മറുപടി. കേസിലുള്‍പ്പെടുത്താന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നിട്ടും അനുബന്ധ കുറ്റപത്രത്തിലും ആസൂത്രകനായി മുദ്രകുത്തിയതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് പാര്‍ട്ടി വാദിക്കുന്നത്.

ഫസല്‍ കേസിലൂടെയാണ് കണ്ണൂരില്‍ രാഷ്ട്രീയ വേട്ടക്ക് കേസുകള്‍ ആദ്യം സി ബി ഐ ആയുധമാക്കിയതെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ആര്‍ എസ് എസ് നടത്തിയ കൊലപാതകം സി പി എമ്മിനു മേല്‍ചുമത്തി കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതികളാക്കി. അഞ്ചു വര്‍ഷത്തിലേറെയായി ജയിലിലടച്ചും നാടുകടത്തിയും പീഡിപ്പിക്കുന്നുവെന്നും നേരറിയാനെത്തിയ സി ബി ഐ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആജ്ഞയിലാണ് ഈ നെറികേട് കാട്ടിയതെന്നും സി പി എം ആരോപിക്കുന്നു. ആര്‍ എസ് എസ്സുകാരന്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും നടപടിയെടുക്കാനോ തെറ്റുതിരുത്താനോ സി ബി ഐ തയ്യാറാകുന്നില്ലെന്നും സി പി എം കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്താദ്യമായി രാഷ്ട്രീയക്കേസുകളില്‍ യു എ പി എ ചുമത്തിയത് മനോജ് കേസിലായിരുന്നു. സാധാരണ ഒരു ക്രിമിനല്‍കേസ് എന്നതിനപ്പുറം ഒരു പ്രധാന്യവുമില്ലാത്ത സംഭവമായിരുന്നിട്ടും ഉമ്മന്‍ ചാണ്ടിയുടെ കാര്‍മികത്വത്തില്‍ യു എ പി എ ചുമത്തി ഭീകരമുദ്ര ചാര്‍ത്തുകയായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ മുഖ്യആരോപണം. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ കുത്തിമരിച്ച സംഭവത്തിലോ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞും കുത്തിയും സി പി എമ്മുകാരെ കൊന്നകേസുകളിലോ ചുമത്താത്ത യു എ പി എ എങ്ങനെ മനോജ് കേസില്‍ വന്നുവെന്ന് സി പി എം നേതൃത്വം ചോദിക്കുന്നുണ്ട്. സി ബി ഐയെ ഉപയോഗിച്ച് സി പി എം പ്രസ്ഥാനത്തെയും നേതാക്കളെയും വേട്ടയാടാന്‍ ആര്‍ എസ് എസും കോണ്‍ഗ്രസും കൈകോര്‍ത്തതിന്റെ ഫലമാണിത്. സി ബി ഐയെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളിക്കാണ് ആര്‍ എസ് എസ് പദ്ധതിയിടുന്നത്. കതിരൂര്‍ മനോജ്‌കേസിലെ അനുബന്ധകുറ്റപത്രവും അത് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്ത സമയവും ആര്‍ എസ് എസും അന്വേഷണ സംഘവും തമ്മിലുള്ള ബാന്ധവം വ്യക്തമാക്കുന്നുവെന്ന ആരോപണവും സി പി എം നിരത്തുന്നു. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയഭ്രാന്തിനെ മതനിരപേക്ഷതയുടെ മഹാദുര്‍ഗമുയര്‍ത്തിയാണ് എന്നും കണ്ണൂര്‍ പ്രതിരോധിക്കുന്നത്. അതുകൊണ്ടുതന്നെ സംഘ്പരിവാറിന് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ കണ്ണൂരില്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ജയരാജന്‍ വേട്ടയാടപ്പെടുന്നതെന്ന് സി പി എം പറയുന്നു. ഇതുപോലൊരു രാഷ്ട്രീയ വേട്ടക്ക് രാജ്യത്തെ ഏതെങ്കിലും നേതാവ് ഇരയായിട്ടുണ്ടോ എന്ന സംശയം സി പി എം ഉയര്‍ത്തുമ്പോള്‍ അങ്ങനെ അത് എളുപ്പം തള്ളിക്കളയാനുമാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest