ചെളിയിലകപ്പെട്ട ആനയെ രക്ഷപ്പെടുത്തി

Posted on: September 5, 2017 8:59 pm | Last updated: September 5, 2017 at 8:59 pm

ആലപ്പുഴ: പതിനാറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം ചെളിയില്‍ അകപ്പെട്ട ആനയെ രക്ഷപ്പെടുത്തി. ഉത്സവശേഷം ലോറിയില്‍ കൊണ്ടുവരുന്നതിനിടെയാണ് തുറവൂരില്‍ എത്തിയപ്പോള്‍ ആന ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടെ ആന ചതുപ്പില്‍ അകപ്പെടുകയായിരുന്നു.

ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ബാലകൃഷ്ണന്‍ എന്ന ആന പുലര്‍ച്ചെയാണ് ഇടഞ്ഞത്. ലോറിയില്‍ കൊണ്ടുപോകുന്നതിന് സ്ഥാപിച്ച ചടക്കൂട് തകര്‍ത്ത് ചാടിയ ആന രണ്ട് മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വാഹനങ്ങളും വീടിന്റെ മതിലുകളും തകര്‍ത്തു.

പാപ്പാന്മാര്‍ ആനയെ ചതുപ്പില്‍നിന്ന് കയറ്റാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് ആനയെ കരയറ്റാന്‍ ശ്രമിച്ചു.തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസംമുമ്ബ് കൊണ്ടുപോയ ആനയെ തിരികെ ലോറിയില്‍ കൊണ്ടുവരികയായിരുന്നു.