റോഹിഗ്യകളെ നാടുകടത്തും ആര്‍ക്ക് അഭയം നല്‍കണമെന്ന് ഇന്ത്യക്കറിയാം: കേന്ദ്ര മന്ത്രി

Posted on: September 5, 2017 8:43 pm | Last updated: September 5, 2017 at 8:43 pm

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായ റോഹിങ്ക്യകളെ നാടുകടത്തുമെന്നും പരമാവധി പേര്‍ക്ക് അഭയം നല്‍കിയ ഇന്ത്യയെ അക്കാര്യം പഠിപ്പിക്കേണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷനോ മറ്റ് അന്താരാഷ്ട്ര സംഘടനകളോ റോഹിങ്ക്യകളെ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുകതന്നെ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം അറിയിച്ചത്. നാം നിയമവഴി സ്വീകരിക്കുമ്പോള്‍ മനുഷ്യത്വമില്ലായ്മയെന്ന് കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, രണ്ടു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പടിഞ്ഞാറന്‍ രാഖൈന്‍ സ്‌റ്റേറ്റിലെ കലാപാനന്തരം നിരവധി പേരാണ് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായെത്തിയത്. രാജ്യത്ത് 14,000 അംഗീകൃത റോഹിങ്ക്യന്‍ അഭയാര്‍ഥികളുണ്ട്. 40,000 പേര്‍ അനധികൃതമായി തങ്ങുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.