പോലീസ് തടഞ്ഞു; ബിജെപിയുടെ ചലോ മംഗളൂരു റാലി ഉപേക്ഷിച്ചു

Posted on: September 5, 2017 3:34 pm | Last updated: September 5, 2017 at 7:53 pm

മംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ചലോ മംഗളൂരു ബൈക്ക് റാലി പോലീസ് തടഞ്ഞു. ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നിന്ന് റാലി തുടങ്ങിയ ഉടന്‍ തന്നെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റാലിക്ക് പോലീസ് അനുമതി നിഷേധിക്കുകയും ബംഗളൂരു നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചാണ് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ റാലിക്കായി ഫ്രീഡം പാര്‍ക്കില്‍ എത്തിയത്. 200 ബൈക്കുകളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ ഫ്രീഡം ഗ്രൗണ്ടില്‍ എത്തിയത്. അഞ്ഞൂറിലേറെ വരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ബിജെപിക്ക് റാലി ഉപേക്ഷിക്കേണ്ടിവന്നു.

മുന്‍ ആഭ്യന്തര മന്ത്രി ആര്‍ അശോക, ശോഭ കരന്ദലജ, മൈസൂര്‍ എംപിയും യുവമോര്‍ച്ച പ്രസിഡന്റുമായ പ്രതാപ് സിംഹ തുടങ്ങിയവരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. പോലീസ് റാലി തടഞ്ഞതോടെ അശോകയുടെയും സിംഹയുടെയും നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരക്കേറിയ ശേഷാദ്രി റോഡ് ഉപരോധിച്ചു. പോലീസിന് തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഒരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് അശോകയേയും പ്രതാപ് സിംഹയേയും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സിആര്‍പിസി ചട്ടം 35(3) അനുസരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ റാലിക്ക് അനുമതി നിഷേധിച്ചത്.