ആര്‍ എസ് സി വളണ്ടിയര്‍മാര്‍ അവസരങ്ങള്‍ ഗുണപരമായി ഉപയോഗിക്കുന്നു: ഖലീല്‍ തങ്ങള്‍

Posted on: September 4, 2017 11:12 am | Last updated: September 4, 2017 at 11:13 am

ജിദ്ദ: സ്‌നേഹവും കരുണയും അറ്റുപോയിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവിന്റെ അഥികള്‍ക്ക് സഹായ ഹസ്തങ്ങള്‍ നീട്ടുന്നത് തുല്യതയില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്നും ഈ രംഗത്ത് രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനം മാത്യകാപരവും അനിര്‍വ്വചനീയവുമാണെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷണലിനു കീഴില്‍ നടത്തപ്പെടുന്ന ഹജ്ജ് വളണ്ടിയര്‍ കോറിന്റെ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാജിമാര്‍ക്ക് സന്നദ്ധ സേവനം ചെയ്യുവാന്‍ മുന്നോട്ടുവന്ന യുവസമൂഹം നിരവധി ക്രിയാത്മകമായ അവസരങ്ങളാണ് ഗുണപരമായി ഉപയോഗിക്കുന്നതെന്നും ഈ സേവനത്തിന്റെ ഭാഗമായി ഒരോ ഹാജിയേയും കൈപ്പിടിച്ച് ലക്ഷ്യസ്ഥാനത്തിലെത്തിക്കുമ്പോള്‍ വളണ്ടിയമാര്‍ക്ക് ലഭിക്കുന്ന ആത്മീയാനുഭൂതി വര്‍ണ്ണനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യത്തെ വികൃതമാക്കുവാന്‍ ശത്രുക്കള്‍ നാലുഭാഗത്തുനിന്നും ശ്രമം നടത്തുമ്പോള്‍ ഇസ്ലാമിന്റെ ആശയ സൗന്ദര്യത്തെ സ്വപ്രയത്‌നത്തിലൂടെ പ്രകാശനമാക്കുകയാണ് പുതിയകാലത്ത് പ്രബോധനത്തിനു സ്വീകരിക്കേണ്ട മാര്‍ഗ്ഗമെന്ന് ചടങ്ങില്‍ പ്രസംഗിച്ച എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷണല്‍ (ഈസ്റ്റ്) ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സാഫി അധ്യക്ഷത വഹിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം, ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്‍സ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍, ഹജ്ജ് വളണ്ടിയര്‍ കോര്‍ കണ്‍വീനര്‍ നൗഫല്‍ കോടമ്പുഴ പ്രസംഗിച്ചു.

ഫോട്ടോ: ആര്‍ എസ് സി വളണ്ടിയര്‍ മീറ്റില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ലീലുല്‍ ബുാരി പ്രസംഗിക്കുന്നു.