Connect with us

Editorial

പെരുന്നാളില്ലാതെ റോഹിംഗ്യകള്‍

Published

|

Last Updated

മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിക്കവെ, നിലനില്‍പ്പിനുള്ള നെട്ടോട്ടത്തിലാണ് റോഹിംഗ്യന്‍ സഹോദരന്മാര്‍. റാഖിനയിലെ സൈനിക കേന്ദ്രത്തിന് സമീപത്തെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന് ആരോപിച്ചു മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശഹത്യക്കിരയാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചക്കകം സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം മുസ്‌ലിംകളെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. വീടുകള്‍ തീയിട്ടു നശിപ്പിച്ചും ബോംബെറിഞ്ഞു തകര്‍ത്തും റോഹിംഗ്യന്‍ വംശജരെ രാജ്യത്ത് നിന്ന് ആട്ടിയോടിച്ചു കൊണ്ടിരിക്കയും ചെയ്യുന്നു. വടക്കന്‍ ററാഖിനയിലെ പത്ത് പ്രദേശങ്ങള്‍ വ്യാപകമായി തീയിട്ടതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കയാല്‍ അവിടെ നടക്കുന്ന അതിക്രമങ്ങളുടെ തീവ്രത പുറം ലോകം വ്യക്തമായി അറിയുന്നില്ല.
മ്യാന്മര്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വംശഹത്യ ഉടനടി നിര്‍ത്തിവെക്കണമെന്ന യു എന്നിന്റെ അഭ്യര്‍ഥന അവഗണിച്ചാണ് സൈന്യത്തിന്റെ അതിക്രമം. പ്രാണരക്ഷാര്‍ഥം ആയിരക്കണക്കിന് പേരാണ് പ്രദേശത്ത് നിന്ന് ഓടിപ്പോയി അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍, അഭയാര്‍ഥികളെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് ഭരണകൂടം. നാല് ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ ഇപ്പോഴുണ്ടെന്നും ഇനി ഏറ്റെടുക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഇനിയും അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നത് റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും അവരെ നാടുകടത്തുന്നതിനും മ്യാന്മര്‍ ഭരണകൂടത്തിനു കൂടുതല്‍ പ്രചോദനമാകുമെന്നും അവര്‍ പറയുന്നു. കൊടും ക്രൂരതയില്‍ നിന്ന് രക്ഷ തേടിയെത്തിയ റോഹിംഗ്യര്‍ക്ക് അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന് യു എന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. അതിര്‍ത്തിയില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഗര്‍ഭിണികളും ചെറിയ ശിശുക്കളുമടങ്ങുന്ന അഭയാര്‍ഥികളോട് തിരികെ പോകാനാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലും മ്യാന്മര്‍ സൈന്യം വ്യാപകമായ മുസ്‌ലിം വേട്ട നടത്തിയിരുന്നു. അന്ന് 70,000 ത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ബംഗ്ലദേശിലേക്കു പലായനം ചെയ്തത്. ഈ അക്രമത്തെ സംബന്ധിച്ചു യു എന്‍ നടത്തിയ അന്വേഷണത്തില്‍ അതിനിഷ്ഠൂരമായ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും അടക്കം വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തി. കുട്ടികളെ കുത്തിക്കൊലപ്പെടുത്തുകയും അമ്മമാരെ മാനഭംഗപ്പെടുത്തുകയും വീടുകള്‍ തീയിട്ടുനശിപ്പിക്കുകയും ചെയ്തതിന്റെ ദൃക്‌സാക്ഷി വിവരങ്ങളും യു എന്‍ മനുഷ്യാവകാശ വിഭാഗം പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണം ആരോപിച്ചായിരുന്നു അന്നും വേട്ട. ബുദ്ധ മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മറില്‍ 11 ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്നത്. 2012ലായിരുന്നു ഇവര്‍ക്കെതിരെ ഏറ്റവും വലിയ അക്രമം അരങ്ങേറിയത്. ആയിരക്കണക്കിന് റോഹിംഗ്യന്‍ വംശജര്‍ അന്ന് കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തോളം പേര്‍ നാട് വിടുകയുമുണ്ടായി. തദ്ദേശീയരായ റോഹിംഗ്യന്‍ വംശജര്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്‍കുകയോ അവരെ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കുകയോ ചെയ്യുന്നില്ല.
ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ഗാന്ധിജിയെ മാതൃകയായി കാണുന്നുവെന്നവകാശപ്പെടുകയും ചെയ്യുന്ന സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ആംഗ്‌സാന്‍ സൂകിയാണ് ഭരണ തലപ്പത്ത്.അധികാരത്തിലേറുന്നതിന് മുമ്പ് ഭരണകൂടഭീകരതക്കെതിരെ ശക്തിയായി ശബ്ദിച്ച അവര്‍ മ്യാന്മര്‍ സൈന്യത്തിന്റെ കൊടുംഭീകരതയെ ന്യായീകരിക്കുകയാണിപ്പോള്‍. സൈനികരല്ല മുസ്‌ലിംകള്‍ തന്നെയാണ് മുസ്്‌ലിംകളെ കൊല്ലുന്നതെന്നാണ് സൂകിയുടെ പക്ഷം. വിഭജിച്ചുനില്‍ക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണത്രെ അവിടെ നടക്കുന്നത്. എത്ര വിചിത്രമായ ന്യായീകരണം! ഒട്ടേറെ കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ് സൂക്കിയും സൈന്യവുമെങ്കിലും മുസ്‌ലിംവിരുദ്ധതയില്‍ അവര്‍ക്കും സൈന്യത്തിനും ഒരേ മനസ്സാണ്.
സൈന്യത്തിന്റെ തോക്കിനോ ബോംബിനോ എപ്പോഴാണ് ഇരയാവുകയെന്നറിയാതെ ഭീതിയോടെ കഴിയുന്ന ലക്ഷങ്ങള്‍ ഒരു വശത്ത്. കിടക്കാന്‍ ഇടമില്ലാതെ ഭക്ഷിക്കാന്‍ വകയില്ലാതെ കൊടും തണുപ്പും ചൂടും സഹിച്ചു ബംഗ്ലാദേശിന്റെ ദയാവായ്പിനായി അതിര്‍ത്തിയില്‍ കാത്തുകഴിയുന്ന പതിനായിരങ്ങള്‍ മറ്റൊരു വശത്ത്. അവര്‍ക്ക് പെരുന്നാളില്ല, ആഘോഷങ്ങളില്ല ഏതുവിധേനയും ജീവന്‍ രക്ഷിക്കണമെന്ന ചിന്ത മാത്രം. ഐക്യരാഷ്ട്രസഭയിലും മുസ്‌ലിം രാഷ്ട്രങ്ങളിലുമാണ് അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. മ്യാന്മര്‍ ഭരണകൂട, സൈനിക ഭീകരത എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു റോഹിംഗ്യകള്‍ക്ക് സുരക്ഷയും സൈ്വരജീതവും ഉറപ്പ് വരുത്താന്‍ ഐക്യ രാഷ്ട്ര സഭയും കൊടും ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന ഈ സഹോദരങ്ങള്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ ലോകജനതയും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

Latest