തടിമരത്തെ വെല്ലുന്ന ശിഖരങ്ങള്‍

വ്യാജ സിദ്ധന്റെ അനുയായികളെ പേടിച്ചു വിധി പറയാന്‍ ജഡ്ജിക്ക് കോടതി മുറി ഉപേക്ഷിച്ചു സൈനിക സന്നാഹത്തോടെ ജയിലില്‍ അഭയം പ്രാപിക്കേണ്ടി വരിക. നമ്മുടെ രാജ്യം എവിടെയാണ് എത്തി നില്‍ക്കുന്നത്? ഗുര്‍മീത് റാം റഹീം സിംഗ് കേസില്‍ സി ബി ഐ കോടതി ജഡ്ജി ജഗതീപ്‌സിംഗ് വിധി പ്രസ്താവം നടത്തിയത് ഹരിയാന റോഹ്തകിലെ സുനിയാര ജയിലില്‍ സജ്ജീകരിച്ച താത്കാലിക കോടതി മുറിയിലായിരുന്നുവെന്നറിയുമ്പോള്‍ ഭരണകൂട സംവിധാനങ്ങളെ പോലും കവച്ചു വെക്കുന്ന സമാന്തര ശക്തികളായി ഇവര്‍ വളര്‍ന്നിരിക്കുന്നുവെന്നല്ലേ വ്യക്തമാകുന്നത്?
Posted on: August 31, 2017 8:37 am | Last updated: August 31, 2017 at 3:57 pm

ഒരു വ്യാജ സിദ്ധന്റെ അനുയായികളെ പേടിച്ചു കേസില്‍ വിധി പറയാന്‍ ജഡ്ജിക്ക് കോടതി മുറി ഉപേക്ഷിച്ചു സൈനിക സന്നാഹത്തോടെ ജയിലില്‍ അഭയം പ്രാപിക്കേണ്ടി വരിക. നമ്മുടെ രാജ്യം എവിടെയാണ് എത്തി നില്‍ക്കുന്നത്? ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കേസില്‍ സി ബി ഐ കോടതി ജഡ്ജി ജഗതീപ്‌സിംഗ് വിധി പ്രസ്താവം നടത്തിയത് ഹരിയാന റോഹ്തകിലെ സുനിയാര ജയിലില്‍ സജ്ജീകരിച്ച താത്കാലിക കോടതി മുറിയിലായിരുന്നുവെന്നറിയുമ്പോള്‍ ഭരണകൂട സംവിധാനങ്ങളെ പോലും കവച്ചു വെക്കുന്ന സമാന്തര ശക്തികളായി ഇവര്‍ വളര്‍ന്നിരിക്കുന്നുവെന്നല്ലേ വ്യക്തമാകുന്നത്? കലാപസാധ്യത കണക്കിലെടുത്താണ് പഞ്ച്കുലയിലെ സി ബി ഐയുടെ പ്രത്യേക കോടതി താത്കാലികമായി ജയിലിലേക്കു മാറ്റിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി വിധി പ്രസ്താവിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിലും സുരക്ഷാ പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ജയിലിലേക്ക് സി ബി ഐ പ്രത്യേക കോടതി മാറ്റാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്. ജയിലിന് മൂന്ന് കി.മീറ്റര്‍ ചുറ്റളവില്‍ ആര്‍ക്കും ഭേദിക്കാനാകാത്ത തരത്തില്‍ സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ചേര്‍ന്ന് ഏഴ് തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അദ്ദേഹത്തെ ജയിലിലെത്തിച്ചത് പ്രത്യേക ഹെലികോപ്ട്‌റിലും. വലിയൊരു സംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലായിരുന്നു അദ്ദേഹം ജയിലില്‍ പ്രവേശിച്ചത്.

മുന്ന് വര്‍ഷം മുമ്പ് മറ്റൊരു ആള്‍ദൈവമായ ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തിന്റെ അധിപന്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ അനുയായി വൃന്ദത്തോട് ഹരിയാന പോലീസിന് ശത്രുരാഷ്ട്രത്തോടെന്ന പോലെ യുദ്ധം ചെയ്യേണ്ടി വന്ന കാര്യം മറക്കാറായിട്ടില്ല. 2006ല്‍ ആര്യസമാജക്കാരുമായുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും അതിനെയൊക്കെ തന്റെ ‘ആള്‍ബലം’ കൊണ്ട് തൃണവത്ഗണിക്കുകയായിരുന്നു രാംപാല്‍. ഒടുവില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കിയപ്പോള്‍ അര്‍ധസൈനിക വിഭാഗമടക്കം 30,000 പോലീസുകാര്‍, 400 പോലീസ് വാഹനം, ഹരിയാന റോഡ് വേയ്‌സിന്റെ 300 ബസ്, ജലപീരങ്കിയടക്കമുള്ള 100 വജ്ര വാഹനങ്ങള്‍, 40 ബുള്ളറ്റ്പ്രൂഫ് വാഹനം, 40 ആംബുലന്‍സ്, 30 ജെ സി ബി, 20 പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, 25 ട്രാക്ടര്‍ ട്രെയിലര്‍ തുടങ്ങിയ സജ്ജീകരണങ്ങളുമായാണ് പോലീസ് രാംപാലിന്റെ ആശ്രമത്തിലേക്ക് നീങ്ങിയത്. എന്നിട്ടും വെടിയുതിര്‍ത്തും ബോംബെറിഞ്ഞും ആസിഡ് പ്രയോഗം നടത്തിയും ആശ്രമത്തില്‍ വിശേഷ ചടങ്ങിനെത്തിയ പതിനായിരത്തിലധികം ആളുകളെ ബന്ദികളാക്കിയും സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളാക്കിയും രാംപാലിന്റെ സ്വകാര്യസേന അറസ്റ്റ് നീക്കത്തെ ചെറുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ആറ് മനുഷ്യജീവനുകള്‍ കുരുതി കൊടുക്കേണ്ടിവന്നു പോലീസിന് അയാളെ കസ്റ്റഡിയിലെടുക്കാന്‍. രണ്ട് ദിവസം നീണ്ട പോലീസ് നടപടികള്‍ക്കൊടുവില്‍ പതിനാലായിരത്തോളം അനുയായികള്‍ തീര്‍ത്ത മനുഷ്യ കവചം ഭേദിച്ചാണ് പോലീസിന് ആയാളുടെ സമീപത്ത് എത്താനായത്. അയാളുടെ അറസ്റ്റിനുള്ള സന്നാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 26 കോടി രൂപ വരുമെന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചത്. ഈ ഏറ്റുമുട്ടല്‍ കേസില്‍ രാംപാലിനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഹരിയാന ഹിസാറ കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവം ദുരൂഹമാണ്.
രാജ്യത്തെ രാഷ്ട്രീയക്കാരും അധികാരി വര്‍ഗവും തന്നെയാണ് ഇവര്‍ക്ക് ഇത്രയുമേറെ സ്വാധീനമുണ്ടാക്കിക്കൊടുക്കുന്നതും സമാന്തര ശക്തികളായി വളര്‍ത്തുന്നതും. ഗുര്‍മീത് റാം റഹീംസിംഗിന്റേതുള്‍പ്പെടെ വോട്ടുബാങ്കുള്ള നിരവധി ആള്‍ദൈവങ്ങളുടെ പിന്തുണയോടെയായിരുന്നല്ലോ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലേറിയത്. ബാബാ രാംദേവ്, ആശാറാം ബാപ്പു, അമൃതാനന്ദമയി എന്നിങ്ങനെയുള്ളവരാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ശക്തിപകരുന്നത്്. ഗുര്‍മീതിനെ കണ്ട് അനുഗ്രഹം വാങ്ങാനായി ഹരിയാനയിലെ ബി ജെ പിയുടെ 44 സ്ഥാനാര്‍ഥികളും ഇയാളെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും അയാളെ സന്ദര്‍ശിക്കുകയുണ്ടായി. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരിലെന്തോ ദിവ്യത്വമുണ്ടെന്ന് തെറ്റിദ്ധരിക്കുകയും അനുയായികളായി മാറുകയുമാണ്. ഇതോടെ ജനാധിപത്യ ഭരണകൂടങ്ങളെ കവച്ചു വെക്കുന്ന ബദല്‍ ഭരണ ശക്തികളായി ഇവര്‍ വളരുകയാണ്.

സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനാകവെ, ആള്‍ ദൈവങ്ങള്‍ക്ക് ഭരണ തലത്തിലും രാഷ്ട്രീയത്തിലുമുള്ള അമിത സ്വാധീനത്തെ ലോകരാഷ്ട്രങ്ങളും മാധ്യമങ്ങളും പരിഹാസത്തോടെയാണ് കാണുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും സിനിമക്കാരും ക്രിക്കറ്റ് താരങ്ങളും ഒരു പോലെ കാല്‍ തൊട്ട് വന്ദിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് ഇന്ത്യ വളക്കൂറുള്ള സ്ഥലമാണെന്നായിരുന്നു റാം റഹീം സിംഗിന്റെ സ്വാധീനത്തെ വിലയിരുത്തവെ ബി ബി സി റിപ്പോര്‍ട്ട് ചെയ്തത്. ബലാംത്സംഗക്കേസില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരക്കണക്കിന് അനുയായികള്‍ കുറുവടികളുമായി റോഡും നഗരവും കീഴടക്കി മാര്‍ച്ച് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്ത വാഷിംഗ്ടണ്‍ പോസ്റ്റ്, പുരോഗമനം അവകാശപ്പെടുന്ന ഇന്ത്യയില്‍ എത്രമാത്രം സ്വാധീനമാണ് ഇയാള്‍ക്കുള്ളതെന്ന് ഈ സംഭവം വിളിച്ചോതുന്നതായി വിലയിരുത്തുകയുമുണ്ടായി. ഇന്ത്യന്‍ ജനതയില്‍ വളരെയേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് ആള്‍ദൈവങ്ങളെന്നായിരുന്നു ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇയാളുടെ പിന്തുണ ബി ജെ പിക്കുണ്ടായിരുന്നതായും പത്രം ഓര്‍മിപ്പിക്കുന്നു.