ഇംഗ്ലണ്ടിന്റെ ഡിക്ലയര്‍ തീരുമാനം പാളി; വിന്‍ഡീസിന് തകര്‍പ്പന്‍ ജയം

Posted on: August 30, 2017 8:54 am | Last updated: August 30, 2017 at 8:54 am

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കടന്ന വിന്‍ഡീസ് തിളക്കമാര്‍ന്ന ജയമാണ് സ്വന്തമാക്കിയത്.
സ്‌കോര്‍ : ഇംഗ്ലണ്ട് 258 & 490/8 ഡിക്ലയര്‍, വിന്‍ഡീസ് 427 & 322/5. രണ്ടാം ഇന്നിംഗ്‌സില്‍ ഓപണര്‍ ബ്രാത്‌വെയ്റ്റിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയും ഹോപ്പിന്റെ പുറത്താകാതെ നേടിയ സെഞ്ച്വറിയുമാണ് വിന്‍ഡീസിന് ഗംഭീര ജയമൊരുക്കിയത്. 95 റണ്‍സെടുത്ത ബ്രാത് പുറത്തായപ്പോള്‍ 118 റണ്‍സുമായി ഹോപ് പ്രതീക്ഷ നല്‍കി ക്രീസില്‍ പിടിച്ചു നിന്നു. ഇത് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. പവല്‍ 23 റണ്‍സെടുത്തപ്പോള്‍ ചാസ് മുപ്പതും ബ്ലാക്‌വുഡ് 41 റണ്‍സുമെടുത്തു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 72 റണ്‍സുമായി ജോ റൂട്ട് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 84 റണ്‍സെടുത്ത് വാലറ്റത്ത് അലി നടത്തിയ ചെറുത്ത് നില്‍പ്പാണ് സ്‌കോര്‍ എട്ട് വിക്കറ്റിന് 490 എന്ന നിലയിലെത്തിച്ച് ഡിക്ലയര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ആ തീരുമാനം തെറ്റിപ്പോയെന്ന് ഇംഗ്ലണ്ടിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. വിന്‍ഡീസിനെ ലക്ഷ്യം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തന്ത്രം. അത് പാളി.