ഗുര്‍മിത് റാം റഹീം സിംഗിന് അഴിക്കുള്ളിലെത്തിച്ചത് കാസര്‍കോട്ടുകാരനായ സി ബി ഐ ഉദ്യോഗസ്ഥന്‍

Posted on: August 29, 2017 8:50 am | Last updated: August 28, 2017 at 11:52 pm
SHARE

കാസര്‍കോട്

ബലാത്സംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ ദൈവം ഗുര്‍മിത് റാം റഹീം സിംഗിനെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചത് കാസര്‍കോട് സ്വദേശിയായ സി ബി ഐ ഉദ്യോഗസ്ഥന്‍. കാസര്‍കോട് ഉപ്പളയിലെ മുളിഞ്ച സ്വദേശി നാരായണനാണ് ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ സിംഗിനെതിരെ ധീരമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. അധികാര കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമര്‍ദമുണ്ടായിട്ടുപോലും ആള്‍ദൈവത്തിന് കയ്യാമം വെക്കുന്നതുവരെ അദ്ദേഹം അന്വേഷണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ വിദ്യാഭ്യാസം സ്വായത്തമാക്കിയ നാരായണന്‍ സി ബി ഐയില്‍ എസ് ഐ റാങ്കിലാണ് ജോലിയില്‍ പ്രവേശിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടിയ അദ്ദേഹം ജോയിന്റ് ഡയറക്ടര്‍ പദവിയോടെയാണ് സര്‍വീസില്‍ നിന്ന് പിരിഞ്ഞത്.
റാം റഹീം സിംഗിനെതിരായ കോടതി നടപടികളും ഇതിന്റെ പേരിലുള്ള കലാപങ്ങളും മരണങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആള്‍ദൈവത്തെ കുടുക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നാരായണന്‍ ആരുടെയും ശ്രദ്ധാകേന്ദ്രമാകാതെ ദല്‍ഹിയില്‍ കഴിയുകയാണ്. 1970 ല്‍ കാസര്‍കോട് ഗവ. കോളജില്‍ നിന്നും സയന്‍സില്‍ ബിരുദമെടുത്ത ശേഷമാണ് നാരായണന്‍ സി ബി ഐയില്‍ ചേര്‍ന്നത്. സമര്‍ഥവും ശാസ്ത്രീയവുമായ അന്വേഷണത്തില്‍ മികവ് തെളിയിക്കാന്‍ നാരായണന് പിന്നീട് കഴിഞ്ഞിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ അന്വേഷണമാണ് ആള്‍ ദൈവത്തിനെതിരായ കേസെന്ന് നാരായണന്‍ ഓര്‍ക്കുന്നു.

ആള്‍ ദൈവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സി ബി ഐക്ക് കൈമാറിയത് 2002 ആഗസ്റ്റിലാണ്. റാം റഹീം കോടികള്‍ വാരിയെറിഞ്ഞതോടെ ആദ്യത്തെ അഞ്ചു വര്‍ഷക്കാലം അന്വേഷണം നിഷ്പ്രഭമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭയവും റാം റഹീം സിംഗിന് വേണ്ടിയുള്ള ഉന്നതതല ഇടപെടലുകളും കാരണം ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് മടിക്കുകയായിരുന്നു. ഇതോടെ, കേസ് വീണ്ടും കോടതിയിലെത്തി. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാനായിരുന്നു കോടതി ഉത്തരവ്.

2002 ഡിസംബര്‍ 12ന് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അങ്ങനെയാണ് അന്വേഷണചുമതല നാരായണനു ലഭിച്ചത്. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റ് ഉന്നതരും നാരായണനെ സമീപിക്കുകയും കേസന്വേഷണത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, റാം റഹീം സിംഗ് നാരായണനെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍, ഇതിലൊന്നും തളരാതെ നാരായണന്‍ അന്വേഷണത്തില്‍ ഉറച്ചുനിന്നു. അന്വേഷണം ഏല്‍പ്പിച്ചത് കോടതിയാണെന്ന വിശ്വാസത്തിന്റെ ബലത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോയി. ഏറെ നാളത്തെ അന്വേഷണത്തിനിടയില്‍ പരാതിക്കാരിയായ യുവതിയെ നാരായണന്‍ കണ്ടെത്തി. റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഈ യുവതി ബലാത്സംഗപരാതി നല്‍കിയതിനുശേഷം ആള്‍ദൈവത്തിന്റെയും അനുചരന്‍മാരുടെയും കണ്ണുവെട്ടിച്ച് കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു. അദ്ദേഹം യുവതിയെ സുരക്ഷിതയായി മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കുകയും ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയുമാണുണ്ടായത്.

കേസ് ഭാവിയില്‍ തേഞ്ഞുമാഞ്ഞുപോകാതിരിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിച്ചു. ആള്‍ ദൈവത്തെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനുള്ള സങ്കീര്‍ണമായ സാഹചര്യത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ ഉദ്യോഗസ്ഥന്‍ അതിജീവിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് അരമണിക്കൂര്‍ അനുവദിച്ച റാം റഹീം സിംഗ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ പല കാര്യങ്ങളും മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നാരായണന്റെ ചോദ്യത്തിന്റെ തീക്ഷണതക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ചെയ്ത കുറ്റം ആള്‍ദൈവം സമ്മതിക്കുകയായിരുന്നു.
38 വര്‍ഷക്കാലമാണ് നാരായണന്‍ സി ബി ഐയില്‍ സേവനം അനുഷ്ഠിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, ഖാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് തുടങ്ങി രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ അന്വേഷിച്ച സി ബി ഐ സംഘത്തിലും നാരായണനുണ്ടായിരുന്നു. 2009ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നാരായണനെ അതേവര്‍ഷം തന്നെ സി ബി ഐയുടെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തിരുന്നു. 1992ല്‍ മികച്ച സേവനത്തിനുള്ള പോലീസ് മെഡലും 1999ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ച നാരായണന്‍ 2009ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. എങ്കിലും റാം റഹീമിന്റെ കേസ് തെളിയിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാരായണനിപ്പോള്‍. നാരായണന് സ്വീകരണം നല്‍കി ആദരിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ജന്മനാട്.

LEAVE A REPLY

Please enter your comment!
Please enter your name here