സുരക്ഷ ശക്തം; അനുമതി ഇല്ലാതെ ഹജ്ജിന് എത്തിയ ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചു

Posted on: August 27, 2017 10:18 pm | Last updated: August 28, 2017 at 8:00 pm

മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹറമുകളില്‍ സുരക്ഷ ശക്തമാക്കി. മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമാക്കി. ഹജ്ജ് അനുമതി പത്രം ( തസ്രീഹ് ) ഇല്ലാത്ത ഒരുലക്ഷത്തോളം ആളുകളെ തിരിച്ചയച്ചു.

മലനിരകളിലൂടെ മക്കയില്‍ പ്രവേശിക്കാന്‍ തിര്‍ത്ഥാടകര്‍ ശ്രമിക്കുമെന്നതിനാല്‍, മലനിരകളിലും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിന്ന് എല്ലാ പ്രധാന വഴികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ നടക്കുന്ന മിന, മുസ്തലിഫ, ജംറ, അറഫ, എന്നിവിടങ്ങളില്‍ സഊദി എയര്‍ ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ സദാ സമയവും നിരീക്ഷണത്തിലാണ്.

ആഭ്യന്തര ഹാജിമാരുടെ വരവോടെ ഇരു ഹറാമുകളിലും ഹാജിമാരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ജിദ്ദ – മക്ക എക്സ്പ്രസ് ഹൈവേയിലും മദീന – മക്ക ഹൈവേയിലും വാഹങ്ങളുടെ തിരക്കേറി. റോഡുകള്‍ പൂണ്ണമായും സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലാണ്.