പ്രളയക്കെടുതി; പ്രധാനമന്ത്രി ബീഹാര്‍ സന്ദര്‍ശിച്ചു, കേന്ദ്രം 500 കോടി സഹായം നല്‍കും

Posted on: August 26, 2017 7:11 pm | Last updated: August 27, 2017 at 1:10 pm

പാട്‌ന: പ്രളയ കെടുതി അനുഭവിക്കുന്ന ബിഹാറിന് 500 കോടി രൂപയുടെ കേന്ദ്ര സഹായം. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ പര്യടനം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണു സഹായം പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദിയും പര്യടനത്തിനൊപ്പമുണ്ടായിരുന്നു. പ്രളയം ഏറ്റവും അധികം ബാധിച്ച സീമാന്‍ചല്‍ മേഖലയിലെ കിഷന്‍ഗഞ്ച്, പുര്‍നിയ, കത്തിഹര്‍, ആരാരിയ ജിലകളിലൂടെയായിരുന്നു ആകാശ പര്യടനം. അന്‍പതു മിനിറ്റോളമെടുത്താണ് മോദി പ്രളയ സ്ഥലങ്ങള്‍ കണ്ടത്.

രാവിലെ ബിഹാറിലെ പുര്‍ണിയയിലെത്തിയ മോദിയെ നിതീഷ് കുമാറും സുഷീല്‍ മോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു. പ്രളയ സാഹചര്യം വിലയിരുത്തുന്ന ഉന്നതതല യോഗത്തിലും മോദി പങ്കെടുത്തു. കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായവും മോദി വാഗ്ദാനം ചെയ്തു. കൃഷിനാശത്തെക്കുറിച്ചു മനസ്സിലാക്കി ഇന്‍ഷുറന്‍സ് കോംപെന്‍സേഷന്‍ നല്‍കണമെന്ന് കമ്പനികളോട് മോദി ആവശ്യപ്പെട്ടു.

പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേപ്പാളില്‍നിന്ന് ഒഴുകുന്ന നദികളിലെ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സപ്തകോശി നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ചു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാമെന്നും നേപ്പാള്‍ അറിയിച്ചിട്ടുണ്ട്‌