തീരദേശപരിപാലനം: ആസൂത്രണ രേഖയുടെ കരട് തയ്യാറായി

Posted on: August 25, 2017 12:34 am | Last updated: August 24, 2017 at 11:36 pm

കണ്ണൂര്‍: തീരദേശ നിയന്ത്രണ വിജ്ഞാപനം മൂലം സംസ്ഥാനത്തെ തീരദേശ ജനങ്ങളും മത്സ്യത്തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള തീരദേശ ആസൂത്രണ പരിപാലന രേഖയുടെ കരട് തയ്യാറായി. കഴിഞ്ഞ ആറ് വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനുള്ള കേരളത്തിന്റെ സംയോജിത തീരദേശ മാനേജ്‌മെന്റ് പ്ലാനിന്റെ കരടിന് അന്തിമ രൂപം തയ്യാറായത്.

രണ്ട് മാസത്തിനകം ജനങ്ങളുടെ മുമ്പിലെത്തുന്ന ആസൂത്രണ രേഖ ജനങ്ങളുമായി സംവാദം നടത്തിയശേഷം ആവശ്യമായ പരിഷ്‌കരണത്തേടെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കുശേഷം പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഏതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ പുതുതായി പ്രസിദ്ധീകരിക്കുന്ന ആസൂത്രണ രേഖയിലൂടെ സാധ്യമാകും. സ്ഥലത്തിന്റെ സര്‍വെ നമ്പറടക്കം ഓരോ പ്രദേശത്തിന്റെ കൃത്യമായ ഭൂ വിവരങ്ങള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. ഇതുമൂലം കടല്‍, കായല്‍, പുഴ, മറ്റു തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയിടങ്ങളുടെ പരിധിയിലെ സ്ഥലങ്ങളെക്കുറിച്ചും അവിടെ നിര്‍മാണമടക്കം എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാന്‍ സഹായകമാകും. ഉപഗ്രഹ ചിത്രങ്ങളുടെ സഹായമുള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് സര്‍വേ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന ഭൗമശാസ്ത്ര പഠന കേന്ദ്രം ആസൂത്രണരേഖ തയ്യാറാക്കിയത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പദ്ധതിയുടെ ഏകോപനം നടത്തിയത്. ആദ്യഘട്ടം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന കരട് രേഖയുമായി എല്ലാ ജില്ലകളിലുമെത്തി ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ ആവശ്യമായ നിര്‍ദേശങ്ങളും തിരുത്തലുകളും വാങ്ങാനാണ് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ തീരുമാനം. ഇതിനായി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുമെന്ന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഗവേഷകര്‍ പറഞ്ഞു.

സംസ്ഥാനത്തിന് 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമുദ്രാതിര്‍ത്തി നിലവിലുണ്ട്. അതില്‍ തീരദേശത്തിന്റെ 63ശതമാനവും ഭാഗവും അതീവ ദുര്‍ബലവും കടല്‍ ക്ഷോഭ ഭീഷണി നേരിടുന്നവയുമാണ്. ഉറപ്പുള്ളതായ തീരം വെറും 7.8ശതമാനം മാത്രമാണെന്നാണ് നിരീക്ഷണം. ഇത്തരം പ്രദേശങ്ങളുടെയെല്ലാം സംരക്ഷണത്തിന് തീരദേശപരിപാലനിയമം കര്‍ശനമാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.അതേസമയം തീരദേശ നിയന്ത്രണം മൂലം സംസ്ഥാനത്തെ തീരദേശജനങ്ങളും മത്സ്യത്തൊഴിലാളികളുമടക്കമുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള മാര്‍ഗത്തിന് വഴിതുറക്കാനും പുതിയ കരട് ചര്‍ച്ചക്കെടുത്താല്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് തീരദേശത്ത് ജീവിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവുമെല്ലാം ഇവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുന്നുണ്ട്. ഈ മേഖലയിലെ സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായി നിലകൊള്ളുന്നത് നിലവിലുള്ള തീരദേശ പരിപാലന നിയമത്തിന്റെ സാങ്കേതികത്വമാണ്. ഇത് പരിഹരിക്കാന്‍ കരട് ചര്‍ച്ച ചെയ്യുമ്പോള്‍ സാധ്യമാകുമെന്ന് കരുതപ്പെടുന്നുണ്ട്.ഇതിനൊപ്പം പുതിയ സ്ഥലം വാങ്ങുമ്പോഴും വില്‍പ്പന നടത്തുമ്പോഴുമെല്ലാം തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ടോയെന്ന് സര്‍വ്വെ നമ്പര്‍ അടങ്ങിയ ആസൂത്രണ രേഖയില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാനാകും.
കേന്ദ്ര പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 2011 ലെ വിജ്ഞാപന പ്രകാരം അഞ്ച് സി ആര്‍സോണുകളാണ് നിലവിലുള്ളത്.